ദരിദ്ര രാജ്യങ്ങളില്‍ വില്‍ക്കുന്ന നെസ്‌ലെയുടെ നവജാത ശിശുക്കള്‍ക്കായുള്ള ഭക്ഷ്യ ഉല്പന്നങ്ങളില്‍ പഞ്ചസാരയും തേനും അമിത അളവില്‍ ചേര്‍ക്കുന്നതായി കണ്ടെത്തല്‍. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് നെസ്‍ലെയുടെ നടപടിയെന്നും അന്വേഷണാത്മക സംഘടനയായ പബ്ലിക് ഐയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിൽക്കുന്ന ഉല്പന്നങ്ങളുടെ സാമ്പിളുകളാണ് ബെൽജിയൻ ലബോറട്ടറിയില്‍ പരിശോധിച്ചത്. ആറ് മാസത്തിനും രണ്ട് വയസിനു ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള നെസ്‍ലെയുടെ ഭക്ഷണ ഉല്പന്നമായ നിഡോയുടെ സാമ്പിളുകളില്‍ സൂക്രോസിന്റെയോ തേനിന്റെയോ രൂപത്തില്‍ പഞ്ചസാര ചേര്‍ത്തതായി കണ്ടെത്തി.
യുകെ ഉൾപ്പെടെയുള്ള നെസ്‌ലെയുടെ പ്രധാന യൂറോപ്യൻ വിപണികളിൽ, പഞ്ചസാര ചേര്‍ത്തിട്ടില്ലെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. സെനഗലിലും ദക്ഷിണാഫ്രിക്കയിലും ആറുമാസവും അതിൽ കൂടുതലുമുള്ള കുഞ്ഞുങ്ങൾക്കുള്ള ബിസ്‌ക്കറ്റില്‍ ആറ് ഗ്രാം പഞ്ചസാരയുള്ളപ്പോള്‍ അതേസമയം സ്വിറ്റസര്‍ലാന്‍ഡില്‍ വില്‍ക്കുന്ന ബിസ്‍ക്കറ്റില്‍ സാന്നിധ്യം കണ്ടെത്താനിയില്ല. ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്ക് ഉല്പന്നങ്ങളുടെ പരിശോധനയിൽ 2.7 ഗ്രാമിൽ കൂടുതൽ പഞ്ചസാര ചേർത്തതായി കണ്ടെത്തി. നൈജീരിയയില്‍ ഇത് 6.8 ഗ്രാമാണ്.
നെസ്‌ലെ ഈ അപകടകരമായ ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള എല്ലാ ഉല്പന്നങ്ങളിലും പഞ്ചസാര ചേർക്കുന്നത് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ആഫ്രിക്കയിൽ, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2000 മുതൽ അഞ്ച് വയസിന് താഴെയുള്ള അമിതഭാരമുള്ള കുട്ടികളുടെ എണ്ണം ഏകദേശം 23 ശതമാനമാണ് വര്‍ധിച്ചത്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പഞ്ചസാര അനുവദിക്കരുതെന്ന് യൂറോപ്യൻ മേഖലയിലെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
English Summary: Sugar in baby food products of Nestle in poor countries
You may also like this video