Site iconSite icon Janayugom Online

സുനിതക്കും സംഘത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ല; മെഡിക്കൽ പരിശോധനകൾക്കായി ജോൺസൺ സ്പേസ് സെന്ററിൽ പ്രവേശിപ്പിച്ചു

ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിത വില്യംസിനും സംഘത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ഇവരെ മെഡിക്കൽ പരിശോധനകൾക്കായി ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ പ്രവേശിപ്പിച്ചു . ബഹിരാകാശത്ത് ചെലവഴിക്കുന്ന ഓരോ നിമിഷവും ശരീരം ധ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ടുതന്നെ ദീര്‍ഘമായ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലെത്തിയ സുനിതയുടെയും വില്‍മോറിന്റെയും ആരോഗ്യസ്ഥിതി അതീവ സൂക്ഷ്മമായാണ് നാസ നിരീക്ഷിക്കുന്നത്.ബഹിരാകാശത്ത് താമസിക്കുന്ന സമയത്ത് ശരീരത്തിന്റെ പേശികളുടെ സാന്ദ്രതയും ഗണ്യമായി കുറയുന്നതിനാൽ ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടാൻ സുനിത വില്യംസിനും ബുച്ച് വിൽമോറിനും 45 ദിവസത്തോളം ജോൺസൺ സ്പേസ് സെന്ററിൽ തുടരേണ്ടിവരും. ഈ കാലയളവിൽ, നാസയിലെ ബഹിരാകാശയാത്രികരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും കാഴ്ച വൈകല്യം, പേശി നഷ്ടം, ബാലൻസ് പ്രശ്‌നം, അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടൽ എന്നിവയൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

ഭൂമിക്ക് പുറത്ത് ജീവിക്കാന്‍ ആരംഭിക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നതും ശരീരമാണ്. ഗുരുത്വബലമില്ലായ്മ, വായൂമര്‍ദം, റേഡിയേഷന്‍, ഓക്സിജന്‍ ലഭ്യത, താപനിലയിലെ വ്യതിയാനങ്ങള്‍ എന്നിവയാണ് പ്രധാനപ്രശ്നങ്ങള്‍. ശരീരത്തിലെ പ്രതിരോധ സംവിധാനകള്‍ ആകെ താളം തെറ്റും. ഗുരുത്വബലം നഷ്ടമാകുന്നതോടെ ശരീരദ്രവങ്ങള്‍ കാലുകളില്‍ നിന്നും തലയുടെ ഭാഗത്തേക്ക് സ‍ഞ്ചാരം ആരംഭിക്കും. ഇത് തലച്ചോറിന് അധിക സമ്മര്‍ദം നല്‍കുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. കണ്ണുകളില്‍ നിന്നും ചെവിയില്‍ നിന്നും പേശികളില്‍ നിന്നും തലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തുന്നത് മെല്ലെയാകും. ഇതിന്റെ ഫലമായി ശരീരത്തിന്റെ ചലനം, ദിശ തിരിച്ചറിയാനുള്ള കഴിവ്, ഇരിക്കാനും നടക്കാനും ചരിയാനുമുള്ള ശേഷി എന്നിവയും തകരാറിലായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. 

Exit mobile version