Site iconSite icon Janayugom Online

ആയുധ വിതരണം; ഹിന്ദുത്വ നേതാക്കൾ അറസ്റ്റിൽ

മുസ്ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കണമെന്ന ആഹ്വാനവുമായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീടുകൾ തോറും മാരകായുധങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ ഹിന്ദു രക്ഷാദളിലെ പത്ത് അംഗങ്ങള്‍ അറസ്റ്റില്‍. നഗരമധ്യത്തിൽ പരസ്യമായി ആയുധങ്ങൾ പ്രദർശിപ്പിക്കുകയും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ സംഘടനയുടെ ദേശീയ അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.
ഗാസിയാബാദിലെ ഗാർഡൻ കോളനിയിലാണ് സംഭവം നടന്നത്. ഹിന്ദു രക്ഷാദൾ പ്രവർത്തകർ റോഡരികിൽ സ്റ്റാളുകൾ ഇട്ട് വാളുകൾ, മഴു, കുന്തം തുടങ്ങിയ മാരകായുധങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് ‘ജയ് ശ്രീറാം’ വിളികളുമായി വീടുകൾ തോറും കയറി ഇവ വിതരണം ചെയ്യുകയായിരുന്നു. ബംഗ്ലാദേശിലെ സാഹചര്യം ഉദാഹരണമായി കാണിച്ച്, ‘ജിഹാദികളിൽ’ നിന്ന് സംരക്ഷണം നേടാൻ ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കണമെന്ന് ഇവർ ആളുകളോട് ആഹ്വാനം ചെയ്തു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഗാസിയാബാദ് പൊലീസ് ഇടപെട്ടത്. ആയുധങ്ങൾ പിടിച്ചെടുക്കുകയും തുടര്‍ന്ന് പത്തുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കലാപം സൃഷ്ടിക്കാൻ ശ്രമിക്കൽ, മാരകായുധങ്ങൾ കൈവശം വെക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ ദേശീയ അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അതുൽ കുമാർ സിങ് അറിയിച്ചു. 

Exit mobile version