Site icon Janayugom Online

സപ്ലൈകോ ഓണം ഫെയർ 26ന് ആരംഭിക്കും

supplyco

ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ ഓണം സ്പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവർധനവ് പിടിച്ചുനിർത്തുന്നതിന് ലക്ഷ്യമാക്കിയാണ് സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടനുബന്ധിച്ച് എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയറുകളും 27 മുതൽ പ്രവർത്തനം ആരംഭിക്കും. താലൂക്ക്/നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകൾ സെപ്റ്റംബർ രണ്ട് മുതൽ ഏഴ് വരെ സംഘടിപ്പിക്കും.
കാർഷിക സഹകരണസംഘം ഉല്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വില്പന നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, മിൽമ, കൈത്തറി ഉല്പന്നങ്ങൾ എന്നിവ മേളയിൽ വില്പനയ്ക്ക് തയാറാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ഓണക്കാലത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ‘സമൃദ്ധി’ എന്ന പേരിൽ 17 ഇനങ്ങൾ അടങ്ങിയ സ്പെഷ്യൽ ഓണക്കിറ്റ് തയാറാക്കി വിപണനം നടത്തുന്നു. 1000 രൂപ വിലയുള്ള സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിയ്ക്കും. ഇതിന്റെ ഉദ്ഘാടനവും ഫെയറിൽ വച്ച് മുഖ്യമന്ത്രി നിർവഹിക്കും. വിവിധ സർക്കാർ ഓഫീസുകൾ, റസിഡൻസ് അസോസിയേഷനുകൾ, സഹകരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഓർഡർ സ്വീകരിച്ച് കിറ്റുകൾ നേരിട്ടെത്തിക്കുന്നതിനും അതുവഴി സപ്ലൈകോയുടെ തനത് വില്പന വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 

Eng­lish Sum­ma­ry: Sup­ply­co Onam Fair will start on 26th

You may like this video also

Exit mobile version