Site iconSite icon Janayugom Online

19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് : മൂന്ന് പ്രതികളെ വെറുതേവിട്ട് സുപ്രീം കോടതി

പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ വെറുതെവിട്ട് സുപ്രീം കോടതി.
ഡല്‍ഹി കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെയാണ് സുപ്രീം കോടതി കുറ്റവിമുക്തരാക്കിയത്. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളായ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരെ കുറ്റവിമുക്തരാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍ഭയ കേസിന് മൂന്നുമാസം മുമ്പായി 2012 ഫെബ്രുവരിയിലായിരുന്നു സംഭവം. ഡല്‍ഹി നജഫ്ഗഡില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഹരിയാനയിലെ റെവാരി ജില്ലയിലെ പാടശേഖരത്തില്‍ കണ്ടെത്തുകയായിരുന്നു. നജഫ്ഗഡ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നും മൃതദേഹം ഹരിയാനയിലെ ഗ്രാമത്തിലെ വയലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച 2014 ഫെബ്രുവരിയിലെ കീഴ്‌ക്കോടതി വിധി പിന്നീട് ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. ‘ഇരതേടി തെരുവുകളില്‍ അലയുന്ന വേട്ടക്കാരാണ്’ പ്രതികള്‍ എന്ന് ഹൈക്കോടതി വിശേഷിപ്പിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ പിന്നീട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിനെ സുപ്രീം കോടതിയില്‍ ഡല്‍ഹി പൊലീസ് എതിര്‍ത്തിരുന്നു. പെണ്‍കുട്ടിക്ക് എതിരെ മാത്രമല്ല, സമൂഹത്തിന് എതിരെകൂടിയാണ് ഇവര്‍ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് വെറുതെ വിടണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സുപ്രീംകോടതി വിധി ഞെട്ടലുണ്ടാക്കിയെന്നും എന്നിരുന്നാലും നിയമപോരാട്ടം തുടരുമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കോടതിക്കുള്ളില്‍ പ്രതികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Eng­lish Sum­ma­ry: Supreme Court Acquits 3 Men On Death Row For Teen’s Rape-Murder
You may also like this video

Exit mobile version