ബുൾഡോസർ രാജിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരു വ്യക്തിചെയ്ത അപരാധത്തിന് വീട് തകര്‍ക്കുന്ന കാടന്‍ നടപടി അവസാനിപ്പിക്കണമെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
ഗുജറാത്ത് സ്വദേശിയായ ജാവേദലി മഹബൂമിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഹൃഷികേശ് റോയ്, സുധാന്‍ഷു ധൂലിയ, എസ്‌വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്ത് വന്നത്. സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവാഴ്ചയാല്‍ സംരക്ഷിക്കപ്പെടുന്ന രാജ്യത്ത് ഒരു കുടുംബത്തിന്റെയോ, വ്യക്തിയുടെയോ നിയമലംഘനത്തിന്റെ പേരില്‍ വീട് ഇടിച്ച് നിരത്തുന്ന ചെയ്തിയെ ന്യായീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം കിരാത പ്രവൃത്തികള്‍ നിയമത്തിന് മേലുള്ള ബുള്‍ഡോസര്‍ രാജായി പരിഗണിക്കേണ്ടി വരുമെന്നും ബെഞ്ച് പറഞ്ഞു.
ക്രിമിനല്‍കേസില്‍പ്പെട്ട തന്റെ വസതി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും ഇതില്‍ നിന്ന് സംരക്ഷണം തേടിയുമാണ് ജാവേദലി ഹര്‍ജി നല്‍കിയത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വസ്തുവകകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നതിൽ എന്തർത്ഥമാണുള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു. ഇത്തരം നിയമവിരുദ്ധ നടപടികള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വ്യക്തി ക്രിമിനല്‍ കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ കോടതി വഴി നിയമനടപടികളിലൂടെ തെളിയിക്കുകയാണ് വേണ്ടത്. ഇതിന് പകരം പൊളിക്കല്‍ നടത്തി കുടുംബത്തെ തെരുവില്‍ ഇറക്കിവിടുന്നത് നിയമസംവിധാനമുള്ള രാജ്യത്ത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ജസ്റ്റിസ് ആര്‍ എസ് ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പൊളിച്ചുനീക്കല്‍ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ മാര്‍ഗനിര്‍ദേശം സമര്‍പ്പിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട് അന്ന് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.
അസം, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകളും ബുൾഡോസർ രാജ് മാതൃക പിന്തുടരുന്നുണ്ട്.