Site iconSite icon Janayugom Online

രാജ്യത്ത് ബുള്‍ഡോസര്‍രാജ് വിലക്കി സുപ്രീം കോടതി

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രീം കോടതി. ഒക്ടോബര്‍ ഒന്ന് വരെ കോടതി അനുമതിയില്ലാതെ പൊളിക്കല്‍ നടപടി സ്വീകരിക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പൊളിക്കല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ വസതിയും മറ്റ് സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്ന രീതി കാടന്‍ നിയമ വ്യവസ്ഥയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വസതികളും മറ്റ് സ്ഥാപനങ്ങളും പൊളിക്കുന്നത് നിര്‍ത്തിവച്ചാല്‍ ആകാശം ഇടി‍ഞ്ഞ് വീഴില്ലെന്നും കോടതി പറഞ്ഞു. നേരത്തെ ഈമാസം രണ്ടിന് പൊളിക്കല്‍ നടപടിക്ക് മാര്‍ഗനിര്‍ദേശം രൂപീകരിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പൊളിക്കല്‍ നടപ‍ടി അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. 

കോടതി ഉത്തരവ് ഇല്ലാതെയുള്ള ഇടിച്ചുനിരത്തല്‍ യാതൊരു കാരണവശാലും അനുവദിക്കില്ല. ഭരണഘടനാ വിരുദ്ധമായ പൊളിക്കല്‍ കോടതി അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇടിച്ചുനിരത്തല്‍ നടക്കുന്നത് കോടതിവിധിയോടുള്ള അവഹേളനമാണ്. ഇത്തരം നടപടികള്‍ ഈ രാജ്യത്ത് സംഭവിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം മാനദണ്ഡം നിശ്ചയിച്ചശേഷമേ ഇനി രാജ്യത്ത് ഇടിച്ചുനിരത്തല്‍ പാടുള്ളുന്നുവെന്നും ബെഞ്ച് നിര്‍ദേശിച്ചു. ജാമിയത്ത് ഉലമ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 

കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പൊളിക്കല്‍ സംബന്ധിച്ച മാനദണ്ഡം തയ്യാറാക്കി സമര്‍പ്പിക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇടിച്ചുനിരത്തല്‍ നടപടി വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു. അതിന്മേലാണ് പരമോന്നത കോടതി കര്‍ശന നിലപാട് സ്വീകരിച്ചത്. 

Exit mobile version