കുറ്റാരോപിതനെതിരെ തുടര്‍ച്ചയായ അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച് വിചാരണയില്ലാതെ അനിശ്ചിതകാലത്തേക്ക് തടവിലിടുന്ന എന്‍ഫോഴ്സ്മെന്റ് രീതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഇഡി നടപടി ചോദ്യം ചെയ്തത്. അന്വേഷണം അനന്തമായി നീട്ടി കുറ്റാരോപിതനെ വിചാരണയില്ലാതെ ജയിലില്‍ തന്നെയിടാനുള്ള നീക്കം നിരാശപ്പെടുത്തുന്നതാണെന്ന് അനധികൃത ഖനനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രേം പ്രകാശിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു.
സിആര്‍പിസി അനുസരിച്ച് ഒരാളെ അറസ്റ്റ് ചെയ്താല്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ക്ക് സ്ഥിര ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനായി തുടര്‍ച്ചയായി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നരീതിയാണ് ഇഡി സ്വീകരിച്ചുവരുന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാതെ അറസ്റ്റ് ചെയ്യാതിരിക്കുകയാണ് സ്ഥിരം ജാമ്യത്തിന്റെ പ്രധാനലക്ഷ്യം.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാത്തിടത്തോളം വിചാരണ തുടങ്ങാനാകില്ലെന്ന് പറയാനാകില്ലെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് കോടതി പറഞ്ഞു. കഴിഞ്ഞ 18 മാസമായി വിചാരണ കൂടാതെ ഒരാള്‍ തടവില്‍ കഴിയുകയാണ്. അത് വല്ലാതെ ആശങ്കപ്പെടുത്തുന്നു. ചില സമയത്ത് ഇതൊക്ക സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതായി വരും.
അറസ്റ്റ് ചെയ്താല്‍ ഉടന്‍ വിചാരണ ആരംഭിക്കണമെന്നും കോടതി പറഞ്ഞു. പിഎംഎല്‍എയുടെ സെക്ഷന്‍ 45ല്‍ പോലും ദീര്‍ഘനാളത്തെ തടവിന്റെ പേരില്‍ ജാമ്യം അനുവദിക്കുന്നതിനെ തടയുന്നില്ല. മനീഷ് സിസോദിയ കേസില്‍ ഇത് പരിഗണിച്ചിട്ടുണ്ട്. നീണ്ട തടവും വിചാരണയ്ക്ക് അനാവശ്യ കാലതാമസവുമുണ്ടായാല്‍ കോടതിക്ക് ജാമ്യം നല്‍കാമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.
English Summary: Supreme Court criticizes ED
You may also like this video