Site iconSite icon Janayugom Online

ശിവശങ്കറിന് ചികിത്സക്കായി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീംകോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

നട്ടെല്ലിന്‍റെ ശസ്ത്രക്രിയക്കും,ചികിത്സക്കുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണിത്. ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ,എം എം സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചിന്‍റേതാണ് ഉത്തരവ്. ജാമ്യ കാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതിക്ക് സമീപ പ്രദേശങ്ങളിലും ഒഴികെ മറ്റൊരു സ്ഥലത്തേക്കും പോകരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ശിവശങ്കറിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ജാമ്യത്തില്‍ വിടാന്‍ കോടതി നിര്‍ദേശിച്ചു. ജയിലില്‍ നിന്ന് ഇറങ്ങുന്നതിന്റെ അന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ജാമ്യം.

ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ശിവശങ്കര്‍ പറയുന്ന സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ചെലവില്‍ ചികത്സ നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കി. എന്നാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കണം ചികിത്സ എന്നും മേത്ത വാദിച്ചു.

ഇപ്പോള്‍ മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലഭിക്കുന്ന ഇടക്കാല ജാമ്യം സ്ഥിര ജാമ്യം ആകുമെന്ന ആശങ്കയും തുഷാര്‍ മേത്ത കോടതിയില്‍ പങ്ക് വച്ചു. എം ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവര്‍ ഹാജരായി.

Eng­lish Summary:
Supreme Court grant­ed two months inter­im bail to Shiv Shankar for treatment

Youmay also like this video:

Exit mobile version