Site iconSite icon Janayugom Online

ഇഡി മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടി നല്‍കി സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഒക്ടോബർ 15 വരെ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്രത്തിന്റെ ഹർജി ഭാഗികമായി അനുവദിച്ചത്. കാലാവധി നീട്ടുന്ന ഒരു അപേക്ഷയും ഇനി പരിഗണിക്കില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

സാധാരണ സാഹചര്യത്തിൽ കാലാവധി നീട്ടി നൽകാൻ പാടില്ലാത്തതാണ് എന്നാൽ പൊതു, ദേശീയ താല്പര്യം പരിഗണിച്ച് കുറച്ച് കാലം കൂടി പദവിയിൽ തുടരാൻ അനുവദിക്കുകയാണെന്നും കോടതി പറഞ്ഞു. സ്ഥാനമാറ്റം സുഗമമായി നടക്കാനാണ് ഈ മാസം 31 വരെ സമയം അനുവദിച്ചത്. കാലാവധി നീട്ടുന്നതിനായി കൂടുതൽ അപേക്ഷകളൊന്നും ഇനി പരിഗണിക്കില്ല. സെപ്‌റ്റംബർ 15 അർധരാത്രിയോടെ സഞ്ജയ് കുമാർ മിശ്ര ഡയറക്ടർ സ്ഥാനം ഒഴിയണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 

നിങ്ങളുടെ വകുപ്പ് കഴിവില്ലാത്തവരെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ഒരാൾ മാത്രം കഴിവുള്ളവനാണെന്നും ഉള്ള ചിത്രമല്ലേ നൽകുന്നതെന്ന് കോടതി ആരാഞ്ഞു. ഒരാൾ ഇല്ലെങ്കിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറയുന്നത് മുഴുവൻ വകുപ്പിന്റെയും മനോവീര്യം കെടുത്തുന്ന നടപടിയല്ലെയെന്നും വാദത്തിനിടെ ജസ്റ്റിസ് ഗവായ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. ഒഴിവാക്കാന്‍ പറ്റാത്ത ആളുകളായി ആരുമില്ലെന്നും, എന്നാൽ മിശ്രയുടെ കാലാവധി നീട്ടുന്നത് രാജ്യത്തിന് സഹായകമാകുമെന്നും തുഷാർ മേത്ത ബോധിപ്പിച്ചു. 

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) അവലോകനം നടക്കുന്നതിനാൽ മിശ്രയെ തുടരാൻ അനുവദിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. മിശ്രയെ ഇ‍ഡി മേധാവിയായി തുടരാന്‍ അനുവദിക്കുന്നത് നിയമവിരുദ്ധവും അനധികൃതവുമാണെന്ന് ഈ മാസം 11ന് നിരീക്ഷിച്ച കോടതി അതിരൂക്ഷമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

Eng­lish Summary:Supreme Court has extend­ed the tenure of ED chief San­jay Kumar Mishra

You may also like this video

Exit mobile version