Site icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മാവൻ പീഡിപ്പിച്ച കേസ്: ലോകത്തിന് കാമഭ്രാന്തെന്ന് സുപ്രീം കോടതി

മീനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മാവൻ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ‘ലോകത്തിന് കാമഭ്രാന്താ‘ണെന്ന് അഭിപ്രായപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ പരിഗണിച്ച പോക്‌സോ കേസിലെ അതിജീവിതയെ സ്വന്തം പിതാവ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് ജസ്റ്റിസ് ഗുപ്ത കോടതിയില്‍ വിവരിച്ചു.

പന്ത്രണ്ട് വയസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കാണ് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുട്ടിയെ മടിയില്‍ ഇരുത്തിയ ശേഷം കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ഉമ്മവയ്ക്കുകയും ചെയ്തു. ഇതിന് ശേഷം വിവസ്ത്രയാക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ഉമ്മവച്ചതും കെട്ടിപ്പിടിച്ചതും അമ്മാവന്റെ വാത്സല്യത്തോടെ ആണോ എന്ന കാര്യം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതിജീവിത നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് അഭിഭാഷകൻ കോടതിയില്‍ വിവരിച്ചു. തുടര്‍ന്നാണ് ലോകത്തിന് കാമഭ്രാന്താണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അഭിപ്രായപ്പെട്ടത്.

Eng­lish Sum­ma­ry: supreme court judge crit­i­cism in poc­so case
You may also like this video

Exit mobile version