ലഖിംപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിന്റെ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘത്തെ പുതുക്കി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ നല്‍കാനും കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സംഘത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റിട്ട. ജഡ്ജിന്റെ പേര് നാളെ പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ലഖിംപുര്‍ ഖേരി പരിധിയില്‍ നിന്നു തന്നെയുള്ള സബ് ഇന്‍സ്പെക്ടര്‍ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ യുപി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ പൂര്‍ണ അസംതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണ സംഘത്തെ പുതുക്കി നിശ്ചയിക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ നിന്നല്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് കോടതി ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി മറ്റ് ഏതെങ്കിലും സംസ്ഥാനത്തുനിന്നുള്ള റിട്ട. ജഡ്ജിനെ സുപ്രീം കോടതി നിര്‍ദ്ദേശിക്കുമെന്ന തീരുമാനത്തെ അംഗീകരിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് റിട്ട. ജഡ്ജിന്റെ പേര് നാളെ പ്രഖ്യാപിക്കുമെന്നും കോടതി അറിയിക്കുകയായിരുന്നു. ജസ്റ്റിസ് രാകേഷ് ജയിനിനെയാണ് കോടതി പരിഗണിക്കുന്നതെന്നും എന്നാല്‍ പ്രഖ്യാപനത്തിനു മുമ്പായി അദ്ദേഹത്തിന്റെ സമ്മതം വാങ്ങേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസ് അന്വേഷണത്തില്‍ സുപ്രീം കോടതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് ആജീവനാന്ത കാലത്തേക്ക് നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ മൂന്നിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ നാളെയും വാദം തുടരും.
English Summary : supreme court on lakshimpur kheri mssacre case
You may also like this video :