സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുപ്രീംകോടതി നടപടികൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിരമിക്കുന്നതിന് മുമ്പ് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 26നാണ് ജസ്റ്റിസ് എന്‍ വി രമണ വിരമിക്കുന്നത്.
അടച്ചിട്ട കോടതികളിലെ കേസുകൾ, മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ എന്നിവ ഒഴികെയുള്ള കേസുകളുടെ നടപടികള്‍ തത്സമയം കാണാനാകും. ഇതിനായി അഞ്ച് ക്യാമറകള്‍ കോടതി മുറിക്കുള്ളില്‍ സ്ഥാപിക്കും.
യൂട്യൂബിലൂടെയായിരിക്കില്ല തത്സമയ കോടതി നടപടികള്‍ കാണിക്കുന്നത്. സ്വതന്ത്ര പ്ലാറ്റ്ഫോം നിര്‍മ്മിക്കാനാണ് സുപ്രീംകോടതി ഇ കമ്മിറ്റി തയ്യാറെടുക്കുന്നത്. ഇത് ഭാവിയിൽ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും ഉപയോഗിക്കാനാകും. ഇതിനാവശ്യമായ പണം കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീംകോടതി വൃത്തങ്ങൾ വ്യക്തമാക്കി.
നിലവിൽ ഗുജറാത്ത്, ഒറീസ, ജാര്‍ഖണ്ഡ്, പാട്ന, മധ്യപ്രദേശ്, കര്‍ണാടക ഹൈക്കോടതികള്‍ തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്. ഇവയുടെ പ്രവർത്തനരീതി കൂടി വിലയിരുത്തിയ ശേഷമാകും അന്തിമ നടപടികളിലേക്ക് കടക്കുക.
സുപ്രീംകോടതി നടപടികൾ തത്സമയം കാണിക്കാമെന്ന നിർദേശത്തെ നേരത്തെ കേന്ദ്ര സർക്കാർ കോടതിയിൽ പിന്തുണച്ചിരുന്നു. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്, നിയമ വിദ്യാർത്ഥി സ്വപ്‍നിൽ ത്രിപാഠി എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയായിരുന്നു ഹർജി പരിഗണിച്ചത്.
English summary;Supreme Court proceedings live to the public
You may also like this video;