Site icon Janayugom Online

മാധ്യമ സ്വാതന്ത്ര്യത്തിനുള്ള അംഗീകാരം

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്ന സമീപനങ്ങള്‍ ആവര്‍ത്തിക്കുന്ന ഘട്ടത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി സുപ്രധാനമാണ്. മലയാളം ചാനലായ മീഡിയാവണ്ണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് റദ്ദാക്കുകയാണ് പരമോന്നത കോടതി ചെയ്തിരിക്കുന്നത്. 2020ലെ ഡല്‍ഹി കലാപവേളയില്‍ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയാ വണ്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. കലാപത്തിന്റെ നേര്‍ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്തുവെന്ന കാരണത്താലായിരുന്നു അന്ന് വിലക്കേര്‍പ്പെടുത്തിയത്. വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പിന്നീട് വിലക്ക് നീക്കി. എന്നാല്‍ പ്രതികാര ബുദ്ധി ഉപേക്ഷിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ മീഡിയാ വണ്‍ ചാനലിനുള്ള ലൈസന്‍സ് പുതുക്കി നല്കാതെ പ്രക്ഷേപണം തടയുകയായിരുന്നു. സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിപത്രം ലഭ്യമാകാത്ത കാരണം പറഞ്ഞായിരുന്നു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസന്‍സ് പുതുക്കി നല്കാതിരുന്നത്. ഇതിനെതിരായ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി വിലക്ക് നീക്കുന്നതിന് തയ്യാറായില്ലെങ്കിലും സുപ്രീം കോടതിയില്‍ നല്കിയ അപ്പീലില്‍ കേന്ദ്ര നടപടി സ്റ്റേ ചെയ്യുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ പ്രക്ഷേപണം തുടര്‍ന്നിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള ഹൈക്കോടതി കേന്ദ്ര നടപടി സ്റ്റേ ചെയ്യുന്നതിന് വിസമ്മതിച്ചത്. ഈ പശ്ചാത്തലത്തിലായിരുന്നു ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ്ങ് ലിമിറ്റഡ് പരമോന്നത കോടതിയെ സമീപിച്ചത്. പ്രസ്തുത ഹര്‍ജിയിലാണ് പ്രക്ഷേപണം തടഞ്ഞ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമാ കൊഹ്‌ലി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ലൈസന്‍സ് പുതുക്കി നല്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുദിനമെന്നോണം ആവര്‍ത്തിക്കുന്ന മുദ്ര വച്ച കവറില്‍ സത്യവാങ്മൂലം നല്കുന്ന നടപടിയും സുപ്രീം കോടതിയുടെ ശക്തമായ വിമര്‍ശനത്തിനിടയാക്കി. നേരത്തെയും ഇത്തരം നടപടിക്കെതിരെ കോടതി ശക്തമായ നിലപാടെടുത്തിരുന്നു. അത്തരത്തില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം സ്വീകരിക്കാത്ത സമീപനവും അടുത്തിടെ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഈ കേസില്‍ ഹൈക്കോടതി മുദ്ര വച്ച കവറില്‍ വിശദീകരണം നല്കിയത് സ്വീകരിച്ചതിനെയാണ് സുപ്രീം കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. മുദ്ര വച്ച കവറിലെ വിവരങ്ങള്‍ പ്രകാരം ഒരു ചാനലിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം അനുമതി നല്കാതിരിക്കുവാന്‍ പറഞ്ഞ സുരക്ഷാ കാരണം എന്താണെന്ന് വ്യക്തമാക്കാതെയായിരുന്നു ലൈസന്‍സ് നിഷേധിച്ചത്.


ഇതുകൂടി വായിക്കൂ: മാധ്യമങ്ങള്‍ മനുകാലത്തേക്ക് മടങ്ങുമ്പോള്‍


അത്തരം നടപടി ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും നിഷേധമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ തങ്ങളുടെ വിശദീകരണം നല്കുന്നത് അതിലെ ഉള്ളടക്കം മറ്റാരും അറിയരുതെന്നുള്ളതുകൊണ്ടാണ്. സുതാര്യതയെ കേന്ദ്രം എത്രത്തോളം ഭയക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണിത്. വളരെ സുപ്രധാനമായ കേസുകളില്‍ പോലും ഈ സമീപനം സ്വീകരിക്കുന്നത് കേസില്‍ കക്ഷികളായവരോട് കാട്ടുന്ന നീതികേടാണെന്ന കോടതിയുടെ നിഗമനം വളരെ പ്രധാനപ്പെട്ടതും കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയുമാണ്. അതോടൊപ്പംതന്നെ അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചും സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അനിവാര്യമാണ്. സത്യവും അലട്ടുന്ന യാഥാര്‍ത്ഥ്യങ്ങളും വിളിച്ചു പറയേണ്ട ധര്‍മ്മം മാധ്യമങ്ങള്‍ക്കുണ്ട്. ഇതിലൂടെയാണ് പൗരന്‍മാര്‍ ജനാധിപത്യം നേരാംവണ്ണമാണോ പ്രവര്‍ത്തിക്കുന്നതെന്ന് വിലയിരുത്തുകയെന്നും കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തി എന്നതുകൊണ്ടു മാത്രം ഒരു ചാനല്‍ രാജ്യത്തെ സംവിധാനത്തിന് എതിരാണെന്ന് വിലയിരുത്താനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളികളാണ് നിലനില്ക്കുന്നത്. ഒന്നുകില്‍ മോഡി സ്തുതിഗീതങ്ങള്‍ ആലപിക്കുക, അല്ലെങ്കില്‍ വേട്ടയാടലുകള്‍ക്ക് വിധേയമാകുക എന്ന അത്യന്തം അപകടകരമായ സാഹചര്യമാണ് ഒമ്പതുവര്‍ഷത്തോളമായി നിലവിലുള്ള ബിജെപി ഭരണകാലത്ത് സംജാതമായിട്ടുള്ളത്. നിരവധി മാധ്യമങ്ങള്‍ സ്തുതിപാഠകരായി മാറി. അല്ലാത്തവര്‍ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. എത്രയോ മാധ്യമ പ്രവര്‍ത്തകര്‍ ജയിലുകളിലും കേസുകളിലുമാണ്. ഈയൊരു പശ്ചാത്തലത്തില്‍ മീഡിയാ വണ്‍ വിലക്കിനെതിരെ സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന വിധിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ജനാധിപത്യത്തെയും ഭരണഘടനയെയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഈ വിധി പ്രചോദനം നല്കുമെന്നുറപ്പാണ്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിലങ്ങണിയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയുമാണ് സുപ്രീം കോടതിയുടെ ഈ വിധിപ്രസ്താവം.

Exit mobile version