തൊഴിലിടങ്ങളിലും കലാലയങ്ങളിലും ആർത്തവ അവധി നിർബന്ധമാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. നയപരമായ വിഷയമായതിനാൽ കോടതിക്ക് തീരുമാനമെടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആവശ്യം ഉന്നയിച്ച് വനിത‑ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നൽകാനും ഹർജിക്കാരോട് കോടതി പറഞ്ഞു. ആർത്തവ അവധി നൽകാൻ നിർബന്ധിക്കുന്നത് സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ നിന്ന് തൊഴിൽ സ്ഥാപനങ്ങളെ പിന്തിരിപ്പിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസിനുപുറമെ, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടിക്ക് സർക്കാരുകൾക്കു നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നേരത്തെ ആർത്തവ അവധി സംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ, ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി. കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച പശ്ചാത്തലത്തിൽ ആയിരുന്നു പാര്‍ലമെന്റിലെ ചോദ്യം.
English Sammury: Supreme Court rejected the plea to grant menstrual leave to female students and working women