Site iconSite icon Janayugom Online

കുട്ടികളെ കടത്തുന്നതും ലൈംഗീക ചൂഷണവും ഇന്ത്യയിലെ യഥാര്‍ത്ഥ്യമെന്ന് സുപ്രീം കോടതി

കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതും വാണിജ്യ ലൈംഗിക ചൂഷണത്തിന്റെ ഇരകളാക്കുന്നതും രാജ്യത്ത് നിലനില്‍ക്കുന്ന ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമെന്ന് സുപ്രീം കോടതി. ഇന്നലെ പുറപ്പെടുവിച്ച ഒരു വിധിന്യായത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
കുട്ടിക്കളെ കടത്തുന്ന സംഘത്തിന്റേത് അതിസങ്കീര്‍ണമായ ശൃംഖലയാണ്. റിക്രൂട്ടിങ്, ഗതാഗതം, ഒളിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗീകചൂഷണത്തിന് വിട്ടുകൊടുക്കുക തുടങ്ങി വിവിധ തട്ടുകളിലാണ് ശ്രംഖല പ്രവര്‍ത്തിക്കുന്നത്.
ചെറിയ പൊരുത്തക്കേടുകള്‍ മൂലം ഇരകളാകുന്ന കുട്ടികളുടെ മൊഴികള്‍ അവിശ്വസിക്കരുതെന്നും കുട്ടിക്കടത്തിന്റെ തെളിവ് ശേഖരിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ച വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മനോജ് മിസ്ര, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
വിശ്വാസയോഗ്യവും സത്യസന്ധവുമാണെന്ന് ബോധ്യപ്പെട്ടാല്‍ തെളിവായി ഇരയുടെ മൊഴി മാത്രം മതിയാകും. മനുഷ്യക്കടത്തിന്റെ ഇരയായ കുട്ടിയോട് കുറ്റവാളിയെ പ്പോലെ കോടതി പെരുമാറരുത്. കുട്ടിക്കടത്തും ലൈംഗിക ചൂഷണവും അന്തസിന്റെയും ശാരീരിക സ്വത്വത്തിന്റെയും അടിസ്ഥാനതത്വങ്ങളെ ഉള്‍പ്പെടെ തകര്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. 

Exit mobile version