Site icon Janayugom Online

ഹേബിയസ് കോര്‍പസ് കുഞ്ഞിന്റെ സംരക്ഷണത്തിന് ബാധകമല്ല: സുപ്രീംകോടതി

മാതാവിന്റെ സംരക്ഷണത്തിലുള്ള കുട്ടിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിയമപ്രകാരം സംരക്ഷണം നേടിയ മാതാവ് അനധികൃതമായി കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന് ആരോപിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. കുടുംബകോടതിയെ സമീപിക്കാനും ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.

മാതാവിനൊപ്പം ഇന്ത്യയിലുള്ള മൂന്നുവയസുകാരിയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഗുരുഗ്രാം സ്വദേശിയും സിംഗപ്പൂരില്‍ താമസക്കാരനുമായ യുവാവ് കോടതിയിലെത്തിയത്. 2010 ല്‍ വിവാഹിതരായ ദമ്പതികള്‍ 2019 ല്‍ വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് സിംഗപ്പൂരിലെ കോടതിയില്‍ കുട്ടിയെ വിട്ടുകിട്ടാന്‍ പിതാവ് ഹര്‍ജി ഫയല്‍ ചെയ്തു. ഇരുവര്‍ക്കും സംയുക്തമായി സംരക്ഷണ അവകാശം നല്‍കിക്കൊണ്ട് ഇന്ത്യയിലുള്ള കുട്ടിയെ സിംഗപ്പൂരിലെത്തിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ തിരിച്ചുപോകാന്‍ യുവതി തയ്യാറായില്ല. 

ഇതോടെ ഭര്‍ത്താവ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. എന്നാല്‍ മാതാവിനൊപ്പം കുട്ടിയെ വിടാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെ ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയും തള്ളുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഈഗോ പ്രശ്നങ്ങള്‍ കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Eng­lish Sum­ma­ry : supreme court says habeus cor­pus wont apply to the pro­tec­tion of child

You may also like this video :

Exit mobile version