Site iconSite icon Janayugom Online

അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇന്ത്യ ധര്‍മ്മശാലയല്ലെന്ന് സുപ്രീം കോടതി

ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇന്ത്യ ധര്‍മ്മശാലയല്ലെന്ന് സുപ്രീം കോടതി. ശ്രീലങ്കന്‍ പൗരന്റെ അഭയാര്‍ത്ഥി അപേക്ഷ നിരസിച്ചുകൊണ്ടാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ പരാമര്‍ശം. എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 2015ല്‍ അറസ്റ്റിലായ ശ്രീലങ്കക്കാരനാണ് അപേക്ഷ നല്‍കിയത്. യുഎപിഎ നിയമപ്രകാരം 2018ല്‍ വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2022ല്‍ മദ്രാസ് ഹൈക്കോടതി അത് ഏഴ് വര്‍ഷമായി കുറച്ചു. ശിക്ഷ അവസാനിച്ചാൽ ഇയാളെ തിരികെ ശ്രീലങ്കയിലേക്ക് നാടുകടത്തും. എന്നാൽ തന്നെ അഭയാർത്ഥിയായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീലങ്കൻ പൗരൻ സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിസ എടുത്താണ് താന്‍ ഇന്ത്യയിലെത്തിയതെന്നും ശ്രീലങ്കയില്‍ പോയാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഭാര്യയും മക്കളും ഇന്ത്യയില്‍ സ്ഥിരതാമസമാണെന്നും നാടുകടത്തല്‍ ആരംഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കണോ എന്ന ചോദ്യമാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ഉന്നയിച്ചത്. 140 കോടി ജനങ്ങളുമായി നമ്മള്‍ ബുദ്ധിമുട്ടുകയാണ്, ജീവന്‍ അപകടത്തിലാണെങ്കില്‍ മറ്റൊരു രാജ്യത്ത് അഭയം തേടാനും കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു. 

ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കൽ), സംസാര സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 19 എന്നിവ പ്രകാരം ഇന്ത്യയില്‍ അഭയം അനുവദിക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ നിയമപ്രകാരം കസ്റ്റഡിയിലെടുത്തതിനാൽ ഹർജിക്കാരന്റെ തടങ്കൽ ആർട്ടിക്കിൾ 21 ന്റെ ലംഘനമല്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു. ആർട്ടിക്കിൾ 19 ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. 

Exit mobile version