Site iconSite icon Janayugom Online

ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നത് വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി

ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നത് വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി. വായ്പയെടുത്തയാൾക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അർഹതയുണ്ടെങ്കിലും പദ്ധതിയിൽ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ആനുകൂല്യത്തിന് നിക്ഷിപ്ത അവകാശമില്ലെന്നും തന്യ എനർജി എന്റർപ്രൈസസും എസ്ബിഐയും തമ്മിലുള്ള കേസിൽ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ബാക്കിനിൽക്കുന്ന വായ്പത്തുകയുടെ അഞ്ചുശതമാനം അടച്ചിരിക്കണമെന്നാണ് ഒറ്റത്തവണ തീർപ്പാക്കലിന് എസ്ബിഐ മുന്നോട്ടുവെച്ച നിബന്ധന. ഇത് പാലിക്കാത്തതിനാൽ സ്ഥാപനത്തിന്റെ അപേക്ഷ എസ്ബിഐ പരിഗണിച്ചില്ല. ഏഴ് വസ്തുക്കൾ ഈടുവെച്ചാണ് തന്യ എനർജി വായ്പയെടുത്തത്. ഇതിനെ ബാങ്ക് പിന്നീട് നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ച് സർഫാസി നിയമപ്രകാരം ഈട് വസ്തുക്കൾ ലേലം ചെയ്യാൻ നടപടിയെടുത്തു. ഇതോടൊപ്പം എസ്ബിഐയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി 2020‑ൽ തന്യ എനർജി അപേക്ഷിക്കുകയും ചെയ്തു. 

അപേക്ഷ തള്ളിയതോടെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കമ്പനിയുടെ അപേക്ഷ വീണ്ടും പരിഗണിക്കാൻ എസ്ബിഐക്ക് നിർദേശം നൽകി. ഇതിനെതിരേ എസ്ബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Exit mobile version