Site iconSite icon Janayugom Online

ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണം; അനുച്ഛേദം 370 റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കി, നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവച്ചുകൊണ്ടുള്ള ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പദവി ഇല്ലാതായെന്നും വിധി പ്രസ്താവത്തിലൂടെ കോടതി വ്യക്തമാക്കി.
അനുച്ഛേദം 370 ഇല്ലാതാക്കി മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരെ 20ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിനും സമ്മിശ്ര ഫലമുണ്ടാക്കുന്ന വിധിയാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരുമുള്‍പ്പെട്ടതായിരുന്നു ഭരണഘടനാ ബെഞ്ച്. മൂന്ന് വിധികളാണ് ബെഞ്ചില്‍ നിന്നുണ്ടായത്. ചന്ദ്രചൂഡ്, ഗവായ്, സൂര്യകാന്ത് എന്നിവരുടേതായിരുന്നു ഒന്ന്. ജസ്‌റ്റിസ് കൗളിന്റേത് രണ്ടാമത്തേതും. ഇവ രണ്ടിനോടും യോജിച്ച് ജസ്റ്റിസ് സഞ്ജയ് ഖന്നയുടേതും.

പ്രത്യേക പദവി ഇല്ലാതാക്കി ജമ്മു ആന്റ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിന്റെ ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്യപ്പെട്ടത്. അനുച്ഛേദം 370 എന്നത് താല്‍ക്കാലിക സംവിധാനമാണെന്ന് വ്യക്തമാക്കിയ കോടതി, സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കി. കശ്മീരിന് വൈകാതെ സംസ്ഥാന പദവി നല്‍കുമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം അംഗീകരിച്ച കോടതി ഭരണഘടന അനുച്ഛേദം മൂന്ന് പ്രകാരം ഒരു സംസ്ഥാനത്തിന്റെ പ്രത്യേക മേഖല കേന്ദ്രഭരണ പ്രദേശമാക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി. ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണം. കൂടാതെ 2024 സെപ്റ്റംബര്‍ 30നകം നിയമസഭാ തെരഞ്ഞെടുപ്പു നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനോടും കോടതി ഉത്തരവിട്ടു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ തീവ്രവാദികളില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കാന്‍ സത്യാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ വിധിയില്‍ വ്യക്തമാക്കി. കശ്മീര്‍ പണ്ഡിറ്റുകള്‍ ഉള്‍പ്പെടെ മനുഷ്യാവകാശ ലംഘനത്തിന് ഇരയായവരുടെ 1980 മുതലിങ്ങോട്ടുള്ള വിഷയങ്ങളും പരാതികളും പരിശോധിക്കാന്‍ സമിതി വേണമെന്ന നിര്‍ദേശമാണ് കൗള്‍ മുന്നോട്ടു വച്ചത്. മുറിവുണ്ടായെങ്കില്‍ അത് ഉണക്കാന്‍ സംവിധാനം വേണമെന്ന് അദ്ദേഹത്തിന്റെ വിധിയില്‍ പറയുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കാന്‍ 2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേന്ദ്ര ഭരണ പ്രദേശമാക്കിയ ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍ നിര്‍ണയത്തിന്റെ പേരില്‍ സംസ്ഥാന പദവി നല്‍കുന്നത് കേന്ദ്രം വൈകിപ്പിക്കുകയാണ്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ കക്ഷികളും ഈ പ്രതിഷേധത്തില്‍ ഭാഗമായി.

എന്താണ് അനുച്ഛേദം 370

ജമ്മു കശ്മീരിന്‌ പ്രത്യേക പദവി ലഭിച്ചത് ഭരണഘടനയുടെ 21-ാം ഭാഗത്തെ അനുച്ഛേദം 370 പ്രകാരമായിരുന്നു. ഇതിലൂടെ കശ്മീരിന് പ്രത്യേകമായ ചില അവകാശങ്ങളും നൽകി വന്നു​. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കുന്നു. മാറ്റം വരാവുന്നതും താൽക്കാലികവുമായ പ്രത്യേക നിബന്ധനയുള്ളതാണ് ഈ വകുപ്പ്​. ഇതുപ്രകാരം ജമ്മു കശ്‌മീരിലെ പൗരന്മാരുടെ സ്വത്തവകാശവും മൗലികാവകാശങ്ങളും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം വേറിട്ടതാണ്. ജമ്മു, കശ്‌മീർ, ലഡാക് എന്നീ മേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വകുപ്പാണിത്. ജമ്മു കശ്‌മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാന നിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണ് പ്രസ്തുത വകുപ്പ്.

സത്യാന്വേഷണ കമ്മിഷന്‍

സത്യന്വേഷണ സമിതി അഥവാ സത്യ‑അനുരഞ്ജന കമ്മിഷൻ, ഒരു ഭരണകൂടത്തിന്റെ മുൻകാല വീഴ്ചകളും വിവേചനങ്ങളും കണ്ടെത്തുന്നതിനും വെളിപ്പെടുത്തുന്നതിനും ചുമതലയുള്ള ഔദ്യോഗിക സമിതിയാണ്. മുന്‍കാലങ്ങളിലെ അവശേഷിക്കുന്ന വൈരുധ്യം, ആഭ്യന്തര അശാന്തി, ആഭ്യന്തര യുദ്ധം, അല്ലെങ്കിൽ സ്വേച്ഛാധിപത്യമുണ്ടാക്കിയ മനുഷ്യാവകാശ ലംഘനം എന്നിവ പരിശോധിക്കാന്‍ സത്യാന്വേഷണ കമ്മിഷനുകളെ നിയോഗിക്കുന്നു. ഒരു കാലഘട്ടത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഭരണകൂട ഭീകരതയുടെയും മറ്റ് കുറ്റകൃത്യങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തെളിവ് ശേഖരിക്കാനും കമ്മിഷന് കഴിയും. കമ്മിഷനുകൾ പലപ്പോഴും പൊതു ഹിയറിങ്ങുകൾ നടത്തുന്നു. അതിൽ ഇരകൾക്ക് അവരുടെ അവസ്ഥ പങ്കിടാനും ദുരുപയോഗം ചെയ്തവരെ വെളിപ്പെടുത്താനും അവസരമുണ്ടാകും.

Eng­lish Summary:
Supreme Court says that Jam­mu and Kash­mir has no spe­cial sov­er­eign­ty; Can­cel­la­tion of spe­cial sta­tus upheld

You may also like this video:

Exit mobile version