രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചതടക്കമുള്ള ഹര്‍ജികള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഒരുങ്ങുന്നു.2021മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു കൂട്ടം ഹര്‍ജികളാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിവെച്ചത്.കോടതി നൽകിയ നിർദ്ദേശങ്ങൾ വലിയ തോതിൽ നടപ്പിലാക്കിയെന്ന് കേന്ദ്ര സർക്കാരും ഡൽഹി, ഉത്തർപ്രദേശ് പൊലീസും അറിയിച്ചതിനെത്തുടർന്നാണ് നടപടി.
പരാതി ലഭിച്ചില്ലെങ്കിലും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ 2023 ഏപ്രിലിൽ സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദ്ദേശം നൽകിയിരുന്നു. ഇത്തരം പ്രസംഗങ്ങൾ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തകർക്കുന്ന ഗുരുതരമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള നടപടികളിൽ വലിയ പുരോഗതി ഉണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചു.
ഹർജിക്കാർക്ക് നിയമപരമായ മറ്റ് പരിഹാരങ്ങൾ തേടാമെന്ന് കോടതി വ്യക്തമാക്കി. നോയിഡയിൽ ഒരു മുസ്ലിം പണ്ഡിതനെതിരെ നടന്ന വിദ്വേഷ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു ഹർജി മാത്രം ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കാൻ മാറ്റി. ഈ കേസിൽ വിചാരണയുടെ പുരോഗതി കോടതി വിലയിരുത്തും. മാധ്യമപ്രവർത്തകനായ ഷഹീൻ അബ്ദുള്ള സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി സുപ്രധാന ഇടപെടലുകൾ നടത്തിയിരുന്നത്.

