ഉത്തരാഖണ്ഡിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഒറ്റ രാത്രികൊണ്ട് 50,000 പേരെ പിഴുതെറിയാനാകില്ല. വിഷയത്തെ മാനുഷികമായി പരിഗണിക്കണമെന്നും കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ പ്രായോഗിക സംവിധാനം ഒരുക്കണമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും റെയില്‍വേയോടും കോടതി നിര്‍ദേശിച്ചു.
ഉത്തരാഖണ്ഡ് ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള റെയില്‍വേ കോളനിയില്‍ നിന്നും അമ്പതിനായിരത്തോളം പേരെ ഒരാഴ്ചയ്ക്കുള്ളില്‍ കുടിയൊഴിപ്പിക്കാനാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചത്. കുടിയൊഴിപ്പിക്കലിനായി പൊലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും സേവനം ഉപയോഗപ്പെടുത്താമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു.
നാലായിരത്തോളം കുടുംബങ്ങളാണ് ഇവിടെ പതിറ്റാണ്ടുകളായി താമസിച്ചു വരുന്നത്. ഇവരില്‍ ചിലര്‍ക്ക് ഭൂമിയുടെ പട്ടയമുണ്ട്. ചിലര്‍ ഇവിടെ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് താമസിച്ചു വരുന്നത്. ഹൈക്കോടതിയുടെ ഉത്തരവു വിലക്കിയ ജസ്റ്റിസുമാരായ എസ് കെ കൗള്‍, അഭയ് ഓക എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേയ്ക്കും നോട്ടീസയക്കാന്‍ ഉത്തരവായി.
താമസക്കാരുടെ രേഖകള്‍ പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി താമസക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവു പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് ഓക വ്യക്തമാക്കി. സ്ഥലം റെയില്‍വേയുടെ ആണെന്ന് അനുമാനിച്ചാല്‍ തന്നെ ഇവിടുത്തെ താമസക്കാരോട് മാനുഷിക പരിഗണന നല്‍കേണ്ടതുണ്ട്. ഇവരെ പുനരധിവസിപ്പിക്കാന്‍ പ്രായോഗികമായ പദ്ധതികള്‍ വേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഏഴിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
English Summary: Supreme Court Stays Haldwani Eviction
You may also like this video