Site iconSite icon Janayugom Online

ഇഡിയോട് സുപ്രീം കോടതി; എവിടെ കള്ളപ്പണം

sanjawsanjaw

ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി ആരോപിക്കുന്ന കള്ളപ്പണം എവിടെയെന്ന് സുപ്രീം കോടതി. കേസില്‍ അറസ്റ്റിലായ എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് അന്വേഷണ ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണം ബെഞ്ച് നടത്തിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പ്രസന്ന ബി വരാലെ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കള്ളപ്പണ ഇടപാട് ആരോപിക്കുന്ന ഇഡിക്ക് പണം ഇനിയും കണ്ടെത്താനായില്ല. പണത്തിന്റെ പോക്കുവരവുകളും കണ്ടെത്തിയില്ല. മാപ്പുസാക്ഷിയായ ദിനേഷ് അറോറ തുടക്കത്തില്‍ സഞ്ജയ് സിങ്ങിന്റെ പേര് മൊഴിയില്‍ പരാമര്‍ശിച്ചിരുന്നില്ല. പിന്നീടാണ് ഇത്തരമൊരു മൊഴി നല്‍കുന്നത്. കള്ളപ്പണ ഇടപാട് നടന്നെന്ന് ഇഡി ഉന്നയിക്കുന്ന ഇടപാടുകള്‍ക്ക് കാലപ്പഴക്കമുണ്ട്. തെളിവുകളുടെ അഭാവത്തില്‍ മൊഴികളെ മാത്രം ആശ്രയിച്ച് കേസിന് മുന്നോട്ടു പോകാനാകില്ല. ഇഡി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ കേസിന്റെ വിചാരണയില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്നും ബെഞ്ചില്‍ അധ്യക്ഷത വഹിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു.
വിചാരണ നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി സഞ്ജയ് സിങ് സുപ്രീം കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി ഉച്ചഭക്ഷണത്തിന് പിരിയും മുന്നേ സിങ്ങിനെ ഇനിയും കസ്റ്റഡിയില്‍ വേണ്ടതുണ്ടോ എന്നറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് സഞ്ജയ് സിങ്ങിന്റെ ജാമ്യത്തെ ഇഡി എതിര്‍ത്തില്ല.

കള്ളപ്പണ നിരോധന നിയമം 45-ാം വകുപ്പു പ്രകാരമാണ് പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുകയെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കിയത് ഇഡിക്ക് തിരിച്ചടിയായി. അപായ സൂചന ബോധ്യമായതോടെ ജാമ്യത്തെ എതിര്‍ക്കുന്നതില്‍ നിന്നും ഇഡി പിന്തിരിഞ്ഞു. പ്രഥമദൃഷ്ട്യാ പ്രതി കുറ്റക്കാരനല്ലെന്നും ജാമ്യം നല്‍കിയാല്‍ വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യത ഇല്ലെന്നുമുള്ളതാണ് ഈ വകുപ്പിനെ കുറിച്ചുള്ള കോടതിയുടെ പരാമര്‍ശം.

കേസില്‍ ഇഡി നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. ഈ ഉത്തരവ് സമാന കേസുകളിലെ മുന്‍ ഉത്തരവായി പരിഗണിക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിചാരണ കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകളും നിബന്ധനകളും ജാമ്യ ഉത്തരവിന് ബാധകമാണ്. അതേസമയം രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതില്‍ വിലക്കുകള്‍ ഉണ്ടാകില്ലെന്നും ഉത്തരവിലുണ്ട്.
ഇഡി കസ്റ്റഡിയില്‍ തുടരവെ രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ് കോടതി അനുമതിയോടെയാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്.

Eng­lish Sum­ma­ry: Supreme Court to ED; Where is the black money?

You may also like this video

Exit mobile version