Site iconSite icon Janayugom Online

പുറത്താക്കിയ ദളിത് ഗവേഷക വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി

മോഡി സര്‍ക്കാരിനെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്തതിന് ‘ദേശവിരുദ്ധ പ്രവര്‍ത്തനം’, ‘മോശം പെരുമാറ്റം’ എന്നീ കുറ്റങ്ങള്‍ ചുമത്തി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്) സസ്പെന്റ് ചെയ്ത ദളിത് ഗവേഷകവിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശവും കൊടുത്തു. അതേസമയം സസ്പെന്‍ഷന്‍ ഉത്തരവ് അസാധുവാക്കിയില്ല, ഇതുവരെയുള്ള ശിക്ഷാകാലാവധി മതിയെന്ന് പറഞ്ഞു. 

മോഡി സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) നടപ്പിലാക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് 2024 ഏപ്രില്‍ 18നാണ് ടിഐഎസ്എസ് രാമദാസ് കെ എസിനെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തത്. കൂടാതെ ക്യാമ്പസുകളില്‍ പ്രവേശിക്കുന്നതും വിലക്കി. കഴിഞ്ഞ വര്‍ഷം ജനുവരി 12ന് പ്രോഗ്രസ് സ്റ്റുഡന്റ്സ് ഫോറം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ബിജെപിയുടെ നയം തള്ളിക്കളയാന്‍ രാമദാസ് ആഹ്വാനം ചെയ്തിരുന്നു. അയോധ്യ തര്‍ക്കത്തെ കടുത്തരീതിയില്‍ വിമര്‍ശിക്കുന്ന, ആനന്ദ് പട്‍വര്‍ദ്ധന്റെ ‘രാം കേ നാം’ ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് രാമദാസ് സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റിനെ ടിഐഎസ്എസ് എതിര്‍ത്തിരുന്നു. ഉന്നതാധികാര സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 

അധികൃതരുടെ നടപടിക്കെതിരെ രാമദാസ് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും തനിക്കെതിരായ കമ്മിറ്റി റിപ്പോര്‍ട്ട് പട്ടികജാതി വിവേചനമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും പ്രസ്താവിച്ചു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. മാത്രമല്ല പ്രതിഷേധ മാര്‍ച്ച് രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും രാമദാസ് ഉള്‍പ്പെടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാടാണെന്ന ധാരണ രാമദാസ് സൃഷ്ടിച്ചെന്ന് ടിഐഎസ്എസ് കണ്ടെത്തിയെന്നത് ശരിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സസ്പെന്‍ഷന്‍ പരമോന്നത നീതിപീഠം ശരിവെച്ചെങ്കിലും അതിന്റെ കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 

Exit mobile version