Site iconSite icon Janayugom Online

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് തടയിടാന്‍ സുപ്രീം കോടതി; സിബിഐ അന്വേഷിക്കാൻ നിര്‍ദേശം

‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന കേസുകളില്‍, അഴിമതി നിരോധന നിയമപ്രകാരം ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് പൂര്‍ണമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. നിക്ഷേപ അവസരങ്ങളുടെയും പാര്‍ട്ട് ടൈം ജോലികളുടെയും പേരിലുള്ള തട്ടിപ്പുകളും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ സിബിഐ അന്വേഷിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇത്തരം കേസുകളില്‍ സംസ്ഥാന അതിര്‍ത്തികളോ രാജ്യാതിര്‍ത്തികളോ കടന്ന് അന്വേഷണം വ്യാപിപ്പിക്കാനും സുപ്രീംകോടതി സിബിഐക്ക് അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ഇന്റര്‍പോളിന്റെ അടക്കം സഹായം തേടാനും സിബിഐക്ക് അനുമതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ സിബിഐക്ക് പൂര്‍ണമായ സഹകരണം നല്‍കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി.

ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്താനും കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം മരവിപ്പിക്കാനും സുപ്രീംകോടതി റിസര്‍വ് ബാങ്കിന്റെ സഹായം തേടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് സംവിധാനങ്ങള്‍ എപ്പോള്‍ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ചും കോടതി റിസര്‍വ് ബാങ്കിന്റെ ഉപദേശം തേടിയിട്ടുണ്ട്.

Exit mobile version