Site iconSite icon Janayugom Online

ഘൂഷ്ഖോർ പാണ്ഡത് മാറ്റണമെന്ന് സുപ്രീം കോടതി

മനോജ് ബാജ്‌പേയി നായകനായ ഘൂഷ്ഖോർ പാണ്ഡത് എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തിലെ ഒരു വിഭാഗത്തെ അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ ഉള്ള അനുവാദമല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർമ്മാതാക്കൾക്ക് ഈ നിര്‍ദേശം നൽകിയത്.
സിനിമയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർമ്മാതാക്കളായ നീരജ് പാണ്ഡെയോടും നെറ്റ്ഫ്ലിക്സിനോടും കോടതി ആവശ്യപ്പെട്ടു. നിലവിലെ പേര് പിൻവലിച്ചതായും പുതിയ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേവലം വാക്കാലുള്ള ഉറപ്പിൽ വിശ്വാസമില്ലെന്നും പുതിയ പേര് സത്യവാങ്മൂലമായി തന്നെ നൽകണമെന്നും കോടതി കർശനമായി പറഞ്ഞു. പുതിയ പേര് ഒരു വിഭാഗത്തെയും അവഹേളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ബ്രാഹ്മണ സമൂഹത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് അതുൽ മിശ്ര സമർപ്പിച്ച പൊതുതാല്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. പാണ്ഡത് എന്ന വാക്കിനെ കൈക്കൂലിക്കാരൻ (ഘൂഷ്ഖോർ) എന്ന വാക്കിനൊപ്പം ചേർക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനോടകം തന്നെ സിനിമയുടെ ട്രെയിലര്‍ ഉള്‍പ്പെടെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
സിനിമ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന സാങ്കല്പിക ഡ്രാമയാണെന്നും ഒരു പ്രത്യേക സമുദായത്തെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് നിർമ്മാതാക്കളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. പേര് മാറ്റിയ സാഹചര്യത്തിൽ സിനിമയുടെ റിലീസ് തടയരുതെന്നും ഇവർ ആവശ്യപ്പെട്ടു. കേസ് 19‑ന് വീണ്ടും പരിഗണിക്കും. 

Exit mobile version