Site iconSite icon Janayugom Online

ഒത്തുതീര്‍പ്പിന്റെ പേരില്‍ പോക്സോ കേസ് റദ്ദാക്കാനാകുമോയെന്ന് സുപ്രീം കോടതി

പ്രതിയും ഇരയും തമ്മില്‍ ഒത്തു തീര്‍പ്പിലെത്തിയാല്‍ പോക്സോ കേസ് റദ്ദാക്കാന്‍ കഴിയുമോ എന്ന് സുപ്രീം കോടതി. സമൂഹ മനസാക്ഷി പരിഗണിച്ച് ഇത്തരം കേസുകള്‍ റദ്ദാക്കാനാകില്ലെന്നാണ് അഭിപ്രായമെന്നും ബന്ധപ്പെട്ട കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുര്യകാന്ത്, അഭയ് എസ് ഓക എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. മുസ്ലീം യൂത്ത് ലീഗ് നേതാവും മലപ്പുറം ചെമ്മങ്കടവ് പിഎംഎസ്എഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉറുദു അധ്യാപകനുമായ ഹഫ്‌സല്‍ റഹ്‌മാന് എതിരായി 2018 ലാണ് പോസ്കോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ചോക്ലേറ്റ് നല്‍കി കവിളില്‍ തലോടിയെന്നാണ് പരാതി.

പ്രതിയുമായി ഒത്തു തീര്‍പ്പിലായെന്ന് വ്യക്തമാക്കി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയാണുണ്ടായത്. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയാണ് സുപ്രീം കോടതി പരിഗണിച്ചത്. അച്ഛന്റെയും അമ്മയുടെയും സത്യവാങ്മൂലം പരിഗണിച്ച്‌ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടികള്‍ പരാതിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. പരാതിക്കാരും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ കേസ് അവസാനിപ്പിക്കാമെന്ന് വിവിധ കോടതി വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതായും അഭിഭാഷകന്‍ വാദിച്ചു. കോടതി ഇതിനോട് വാക്കാല്‍ വിയോജിച്ചു. തുടര്‍ന്ന് സമാനമായ മറ്റ് കേസുകളിലെ കോടതി വിധികള്‍ ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

Eng­lish Sum­ma­ry: Supreme Court whether POCSO case can be quashed due to settlement
You may also like this video

Exit mobile version