Site iconSite icon Janayugom Online

കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിര്‍ദേശം; പൊതുസ്ഥലങ്ങളില്‍ മുലയൂട്ടല്‍ ഇടങ്ങള്‍ക്ക് കര്‍മ്മ പദ്ധതി വേണം

പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നതിനും കുട്ടികളെ പരിപാലിക്കുന്നതിനുമായി പ്രത്യേകയിടങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഏതെങ്കിലും നിയമമോ, ചട്ടമോ, വിജ്ഞാപനമോ പുറത്തിറക്കിയിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പൊതുവിടങ്ങളില്‍ മുലയൂട്ടുന്നതിനും കുട്ടികളെ പരിപാലിക്കുന്നതിനും പ്രത്യേക കേന്ദ്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ മാതൃസ്പര്‍ശ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ബി വി നാഗരത്നയും എന്‍ കോടീശ്വര്‍ സിങ്ങും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭാവിയില്‍ പൊതുവിടങ്ങളിലെ കെട്ടിടനിര്‍മ്മാണങ്ങളില്‍ ശിശുപരിപാലനത്തിനുള്ള പ്രത്യേക സ്ഥലം നിര്‍ബന്ധമായുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ പത്തിന് ഉത്തരവിറക്കുന്നത് പരിഗണനയിലാണെന്നും ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു. 

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ കര്‍മ്മപദ്ധതി തയ്യാറാക്കാമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സംസ്ഥാന പരിധിയില്‍ വരുന്ന ആരോഗ്യത്തിന് കീഴിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ തേടേണ്ടതുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ആദ്യം കര്‍മ്മപദ്ധതി കൊണ്ടുവരാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇത് അമ്മമാരുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വിഷയം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും ബെഞ്ച് അറിയിച്ചു.
പൊതുസ്ഥലങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങള്‍ സംബന്ധിച്ച് ചില സംസ്ഥാനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും പൊതുനയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. 2022 ലാണ് ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

Exit mobile version