ഗവര്‍ണര്‍മാരുടെ അധികാരഅപ്രമാദിത്വ പ്രകടനം രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്പ് ചോദ്യം ചെയ്യുന്നുവെന്ന് സുപ്രീം കോടതി. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്ന പഞ്ചാബ്, തമിഴ‌്നാട് ഗവര്‍ണര്‍മാരുടെ നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉയര്‍ത്തിയത്.
ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ ഗവര്‍ണര്‍ തീകൊണ്ട് കളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജനാധിപത്യ ഭരണ ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് അധികാരം. മന്ത്രിസഭയുടെ തീരുമാനത്തിന് അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. രാഷ്ട്രപതിയാല്‍ നിയമിക്കപ്പെടുന്ന അധികാരമില്ലാതെ സ്ഥാനപ്പേര് മാത്രമുള്ള സംസ്ഥാന തലവനാണ് ഗവര്‍ണറെന്നും ഇരു സംസ്ഥാന സര്‍ക്കാരുകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ അനാവശ്യ കാരണങ്ങള്‍ എങ്ങനെയാണ് പറയാനാകുക. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടുപോകും. ഇത്തരം അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയാല്‍ രാജ്യത്ത് ജനാധിപത്യം പുലരുമോ എന്നും ബെഞ്ച് ആരാഞ്ഞു. ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
ബില്ലുകള്‍ വൈകിപ്പിക്കുന്ന കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സമാന മായ രണ്ടു ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. നേരത്തെ തെലങ്കാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സഭയില്‍ സ്പീക്കര്‍ പരമാധികാരി; ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കണം
നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് റോളില്ല. ഈ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം അസാധുവെന്ന് വിലയിരുത്തി ആ സഭാസമ്മേളനം പാസാക്കിയ ബില്ലുകള്‍ എങ്ങനെയാണ് ഗവര്‍ണര്‍ക്ക് അനുമതി നല്‍കാതെ പിടിച്ചു വയ്ക്കാനാകുകയെന്ന് പഞ്ചാബ് ഗവര്‍ണറോട് സുപ്രീം കോടതി ചോദിച്ചു. രണ്ട് മാസം മുമ്പ് പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന വാദമുയര്‍ത്തി അന്ന് പാസാക്കിയ ബില്ലുകളില്‍ ഗവർണർ ബൻവാരിലാൽ പുരോഹിത് ഒപ്പിട്ടിരുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ബജറ്റ് അടക്കം നാല് ബില്ലുകളാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നത്. ബില്ലുകളില്‍ ഉടനടി തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി.
തമിഴ്നാടിന്റെ ഹര്‍ജിയില്‍ നോട്ടീസ്
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി 12 ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്ന നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചു. തടവുകാരുടെ ശിക്ഷാ കാലാവധിക്കു മുന്നേയുള്ള മോചനം, പ്രോസിക്യൂഷന്‍ അനുമതി, തമിഴ്‌നാട് പിഎസ്‌സി അംഗങ്ങളുടെ നിയമനം ഉള്‍പ്പെടെയുള്ള ബില്ലുകളാണ് ഗവര്‍ണറുടെ അനുമതി കാത്തുകിടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഘ്‌വി, മുകുള്‍ രസ്‌തോഗി, പി വില്‍സണ്‍ എന്നിവര്‍ ബോധിപ്പിച്ചു. അതീവ ഗൗരവതരമായ വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേസ് 20ലേക്ക് മാറ്റിയ കോടതി അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ അന്ന് കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു. കേസുകളില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയക്കാനും ബെഞ്ച് ഉത്തരവായി.
English Summary: Supreme Court’s scathing criticism; Governor Raj fire
You may also like this video