എതിരില്ലാതെ നാടകീയമായി ബിജെപി വിജയിച്ച ഗുജറാത്തിലെ സൂറത്ത് പാര്‍ലമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയെ കാണാനില്ല. ഇയാളുടെ നാമനിര്‍ദേശ പത്രിക തള്ളുകയും മറ്റുള്ളവര്‍ പിന്മാറുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാൽ വിജയമുറപ്പിച്ചത്. ഇയാൾ ബിജെപിയിൽ ചേർന്നതാണെന്നും കുംഭാനിയുടെ പത്രിക തള്ളിയത് ബിജെപിയുമായുള്ള ഒത്തുകളിയിലാണെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു. കുംഭാനിയെ കാണാനില്ലെന്നും ഫോണിൽ ലഭ്യമല്ലെന്നും പ്രവർത്തകർ പറയുന്നു. ഇവര്‍ നിലേഷ് കുംഭാനിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. ഞായറാഴ്ചയാണ് കുംഭാനിയുടെ പത്രിക തള്ളിയത്. നാമനിർദേശ പത്രികയിൽ ഒപ്പ് വച്ചവരെ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് പത്രിക തള്ളിയത്.
കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയുടെയും പത്രിക സമാനമായ രീതിയില്‍ തള്ളപ്പെട്ടു. പിന്നാലെ ഏഴ് സ്വതന്ത്രരും ബിഎസ്‌പി സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചു. ഇതോടെയാണ് ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയം ഉറപ്പിച്ചത്. നിലേഷ് കുംഭാനി തുടക്കം മുതല്‍ സൂറത്ത് മോഡല്‍ ബിജെപി ഓപ്പറേഷനിൽ പങ്കാളിയാണെന്നാണ് വിവരം. നാമനിർദേശ പത്രികയിൽ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പകരം ബന്ധുക്കളെ കൊണ്ട് വ്യാജ ഒപ്പുകള്‍ ഇടീക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തെ അറിയിക്കാതെ ബന്ധുവായ ജഗ്ദിയാ സവാലിയാ, ബിസിനസ് പങ്കാളികളായ ധ്രുവിൻ ധാമേലിയ, രമേശ് പോൽറാ എന്നിവരെ നാമനിർദേശം ചെയ്യുന്നവരായും പിന്തുണയ്ക്കുന്നവരായും പത്രികയിൽ ഒപ്പു വയ്പിച്ചത് നിലേഷ് കുംഭാനിയാണ്. മറ്റൊരു ബന്ധുവായ ഭൗതിക് കോൽഡിയായെ കൊണ്ട് ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയിലും വ്യാജ ഒപ്പുവയ്പിച്ചു. വ്യാജ ഒപ്പുവച്ച ബന്ധുക്കളെയും സ്വന്തക്കാരെയും പത്രികാ സമർപ്പണ സമയത്ത് വരണാധികാരിക്ക് മുന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹാജരാക്കിയതുമില്ല. പത്രിക സമർപ്പിച്ച് കുംഭാനി അപ്രത്യക്ഷനാകുകയായിരുന്നു.
English Summary: Surat Congress candidate missing
You may also like this video
<iframe width=“560” height=“315” src=“https://www.youtube.com/embed/n38eDw3A6AE?si=1fiXV3E_-aqW3G40” title=“YouTube video player” frameborder=“0” allow=“accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=“strict-origin-when-cross-origin” allowfullscreen></iframe>