Site iconSite icon Janayugom Online

ബിജെപിസംസ്ഥാനഘടകത്തില്‍ സുരേന്ദ്രനുംകൂട്ടരും തീവ്രഹിന്ദുത്വനിലപാടിലേക്ക്

എങ്ങനെയെങ്കിലും കേരളത്തില്‍ നിയമസഭയിലോ, ലോക്സഭയിലോ ഒരു സീറ്റെങ്കിലും ഒപ്പുക്കുവാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ബിജെപി. എന്നാല്‍ കേരളത്തിലെ ജനങ്ങളും പുരോഗമന ചിന്താധാരയും, വര്‍ഗ്ഗീയതയോടുള്ള എതിര്‍പ്പും ബിജെപിക്ക് കേരളത്തില്‍ വിലങ്ങുതടിയായിമാറുന്നു. സിപിഐ, അടക്കമുള്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ബിജെപിക്ക് ഇവിടെ വളരുവാന്‍ ഇടയായിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, രാജ്യത്തിന്‍റെ ഹൃദയഭൂമിയിലും കോണ്‍ഗ്രസിന്‍റെ നയവൈകല്യങ്ങളാണ് ബിജെപിക്ക് വളരുവാന്‍ ഇടയാക്കിയത്. 

ബിജെപി ഉയര്‍ത്തുന്ന തീവ്രഹിന്ദുത്വവര്‍ഗ്ഗീയതയെ എതിര്‍ക്കാതെ അവരുമായി ചങ്ങാത്തത്തില്‍ പോയതാണ് കോണ്‍ഗ്രസ് തകര്‍ന്നടിയാണ് കാരണം. കോണ്‍ഗ്രിസന്‍റെ ബാനറില്‍ നിന്ന് ജനപ്രതിനിധികളാകുന്നവര്‍ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാകുന്നത്. ഇത്രയും തിരിച്ചടികള്‍ നേരിട്ടിട്ടും കോണ്‍ഗ്രസ് മൃദുഹിന്ദുത്വസമീപനമാണ് സ്വീകരിച്ചു പോരുന്നത്. ദിക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഒരു കാരണശാലും ഒരിഞ്ചുപോലും വളരാന്‍ കഴിയാതെ പോയത് ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്‍റെ സ്വാധീനമാണ്. 2016ല്‍ കോണ്‍ഗ്രിസന്‍റെ സഹായത്തോടെ നേമം മണ്ഡലത്തില്‍ ബിജെപിയുടെ ഒ.രാജഗോപാല്‍ വിജയിച്ചു നിയമസഭയിലെത്തി. 2021ല്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്‍റും , ആര്‍എസ്എസ് പ്രചാരകനുമായിരുന്ന കുമ്മനംരാജശേഖരനെ മത്സരിപ്പിച്ചിട്ടും പരാജയപ്പെടേണ്ടി വന്നു. 

നേമം തങ്ങളുടെ കേരളത്തിലെ ഗുജറാത്ത് ആണെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. അവരുടെഗുജറാത്താണ് എല്‍ഡിഎഫ് പിടിച്ചടക്കിയത്. ബിജെപി സംസ്ഥാനത്ത് ഗ്രൂപ്പ് പോരില്‍ ആടിയുലയുകയാണ്. ബിജെപി കേന്ദ്രനേതൃത്വം കോടികള്‍ ഇറക്കിയിട്ടും പ്രയോജനം ഒന്നും ഇല്ല. നേതാക്കളില്‍ചിലര്‍ സംശയത്തിന്‍റെ നിഴലിലാണ് . സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെഉള്ലവരുടെ പേര് കൊടകര കുഴല്‍പ്പണകേസുമായി പറഞ്ഞു കേള്‍ക്കുന്നു. മുന്‍ സംസ്ഥാന ഓവര്‍സീസ് സെല്‍ കണ്‍വീനറും ആലപ്പുഴ ജില്ലട്രഷററുമായി വ്യക്തിയും ഇപ്പോള്‍ കുഴല്‍പ്പണകേസില്‍ ചോദ്യം ചെയ്യപ്പെട്ടവരില്‍പ്പെടുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ ഇല്ലാതാക്കുവാന്‍ ആര്‍എസ്എസ് മുന്‍കൈഎടുത്ത് ചില് നടപടികള്‍ എടുത്തെങ്കിലും അതും പരാജയമായി മാറി. കേന്ദ്രമന്ത്രിയും മുന്‍ പ്രസിഡന്‍റുമായ വി. മുരളീധരന്‍റെയും, ദേശീയ സെക്രട്ടറി,സംസ്ഥാന പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച പി കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പുകള്‍. നിലവിലെ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ മുരളീധരഗ്രൂപ്പിന്‍റെ ഭാഗമാണ്. 

കേരളത്തില്‍ സ്വാധീനം ഉണ്ടാക്കുവാനായി പലപണികളും നടത്തുകയാണ് ബിജെപി. എന്നാല്‍ ഒന്നും ക്ലച്ചുപിടിക്കുന്നില്ല. ഇപ്പോള്‍ കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് . കുറഞ്ഞത് ആറ് സീറ്റുകളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് ഇറങ്ങിയാണ്പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം, മാവേലിക്കര എന്നീ മണ്ഡലങ്ങളാണ് പട്ടികയിലുള്ളത്. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല വിദേശകാര്യമന്ത്രി എസ് ജയശങ്കറിനാണ്. ആറ്റിങ്ങല്‍ വി മുരളീധരനും. പത്തനംതിട്ട ശേഭാ കരന്തലജെയ്ക്കും, പാലക്കാട് ഭഗവത് ഖുബെയ്ക്കും, തൃശൂര്‍ അശ്വനികുമാര്‍ ചൗബേയ്ക്കും ആണ് ചുമതല നൽകിയിരിക്കുന്നത്.ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായുള്ള നീക്കങ്ങൾ ബി ജെ പി നടത്തുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിലെ അതൃപ്തികൾ മുതലെടുക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിർത്താതെ കേരളത്തിലെ ബി ജെ പിക്ക് വളരാനാകില്ലെന്ന ആശങ്ക നേരത്തേ തന്നെ നേതാക്കൾ പങ്കുവെച്ചിരുന്നു.

എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ബിജെപിയോടുളള അകല്‍ച്ചക്ക് ഒട്ടും കുറവുവന്നിട്ടില്ലന്നുള്ളത് യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ട്. പലക്കാട് ചേര്‍ന്ന സംസ്ഥാന ശിബിരത്തില്‍ തീവ്രഹിന്ദുത്വനിലപാടുമായി മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. ഇതിനു മുന്‍കൈഎടുത്തത് സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ തന്നെയാണ്. വടക്കേ ഇന്ത്യൻ മാതൃക തന്നെ സംസ്ഥാനത്ത് പയറ്റണമെന്ന നിർദ്ദേശം സുരേന്ദ്രന്‍ തന്നെയാണ് മുന്നോട്ട് വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വടക്കേ ഇന്ത്യയിൽ നടപ്പാക്കുന്ന രീതിയിലുള്ള തീവ്ര നിലപാടുകളിലേക്ക് നേതാക്കൾ കടക്കണമെന്നാണ് കെ സുരേന്ദ്രന്റെ നിർദ്ദേശം. എന്നാൽ കേരളം പോലൊരു സംസ്ഥാനത്ത് അത് എത്ര കണ്ട് വിജയിക്കുമെന്നാണ് മറുവിഭാഗം ഉയർത്തുന്ന ആശങ്ക. നിലവിൽ വെറും 10 ശതമാനമാണ് കേരളത്തിലെ ബി ജെ പി വോട്ട്.

കൂടുതൽ സ്വാധീനമുറപ്പിക്കാൻ ന്യൂനപക്ഷങ്ങളിലേക്ക് കടന്ന് കയറാനുള്ള ശ്രമം നടത്തുകയാണ് ബി ജെ പി. ഈ സാഹചര്യത്തിൽ തീവ്ര ഹിന്ദുത്വത്തിലേക്ക് കടക്കുന്നത് തിരിച്ചടിയാകില്ലേയെന്നാണ് നേതാക്കൾ ചോദിക്കുന്നത്. ഹിന്ദുത്വ അജണ്ടയിൽ നിന്നും പിൻമാറാൻ സാധിക്കില്ലേങ്കിലും മൃദു ഹിന്ദുത്വമാകും ന്യൂനപക്ഷങ്ങളുടെ ഭയം അകറ്റാൻ നല്ലതെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരുടേയും നിലപാട്. ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കണമെന്ന ലക്ഷ്യം നടപ്പാകണമെങ്കിൽ തീവ്ര നിലപാടുകൾ തടസമാണെന്നും അക്കാര്യത്തിൽ മാറ്റം വരുത്തണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ആശയങ്ങൾ ഹിന്ദു ഐക്യവേദി നേതാക്കളും വി എച്ച് പി നേതാക്കളും ആകണം പ്രചരിപ്പിക്കേണ്ടതെന്നാണ് നേതാക്കളുടെ അഭിപ്രായം. എന്നാൽ ഈ നിർദ്ദേശത്തെ യോഗത്തിൽ ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് തള്ളിക്കളഞ്ഞു. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന തത്വമെന്നാണ് കെ സുരേന്ദ്രനടക്കമുള്ളവരുടെ നിലപാട്.എന്നാല്‍ തീവ്രഹിന്ദുത്വനിലപാട് വേണ്ടെന്ന നിലയിലാണ് നേതാക്കളില്‍ ചിലരുടെ അഭിപ്രായം.

Eng­lish Summary:Surendran and oth­ers to extreme Hin­duism in the for­ma­tion of BJP

You may also like this video:

Exit mobile version