Site iconSite icon Janayugom Online

ദേശീയഗാനത്തെയും ഗവര്‍ണറെയും അപമാനിച്ച് സുരേഷ് ഗോപി

ഗവർണറും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോക്കോള്‍ ലംഘിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി ദേശീയഗാനത്തെയും ഗവര്‍ണറെയും അവഹേളിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒളിമ്പിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് സംഭവം. പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടീസിൽ സുരേഷ് ഗോപിയുടെ പേരില്ലായിരുന്നു. രാവിലെ പ്രോഗ്രാം നോട്ടീസിലാണ് സുരേഷ് ഗോപി ഇടംപിടിച്ചത്. ഗവർണർ ഉദ്‌ഘാടന പ്രസംഗം നടത്തുന്നതിനിടെ സുരേഷ്‌ ഗോപി വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മുഖ്യാതിഥിയായ ഗവര്‍ണര്‍ ഇറങ്ങുംമുമ്പ് മറ്റുള്ളവര്‍ വേദിവിടുന്നത് അതിഥിയെ അവഹേളിക്കലാണ്. 

വേദിയിൽ നിന്നിറങ്ങിയ സുരേഷ് ഗോപി വിദ്യാർത്ഥികൾക്കിടയിൽ ചെന്നതോടെ ബഹളമായി. ഒളിമ്പിക് റണ്ണിന്റെ ഫ്ലാഗ് ഓഫ് ഗവർണറാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ സുരേഷ് ഗോപി കുട്ടികൾക്കിടയിൽ നിന്ന് ഫ്ലാഗ് ഓഫ് നടത്തി. പിന്നീട് ദേശീയഗാനത്തിന് ശേഷം ഗവർണർ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യ ‑സിവിൽ സപ്ലൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നപ്പോൾ ആണ് സുരേഷ്ഗോപിയുടെ ഈ ചട്ടലംഘനം.
ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്ന് മന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. ഒരു ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. 

ഒരു അഭിനേതാവെന്ന നിലയിലാണ് സുരേഷ് ഗോപി ഇവിടെ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഗവർണറെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ്ഗോപി കൈക്കൊണ്ടതെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇത് പ്രോട്ടോക്കോൾ ലംഘനമാണ്. കമ്മിഷണർ സിനിമയിലെ പൊലീസ് ഓഫിസർ ആണ് താൻ ഇപ്പോഴും എന്ന ധാരണയിലാണ് സുരേഷ് ഗോപി. ജനപ്രതിനിധിയാണെന്ന ബോധ്യം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Eng­lish Summary:Suresh Gopi insult­ed the Nation­al Anthem and the Governor
You may also like this video

Exit mobile version