Site iconSite icon Janayugom Online

കിരീടം സമര്‍പ്പിച്ചത് ആചാരം: വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്ന് സുരേഷ് ഗോപി

തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലീൽ കിരീടം സമര്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. കിരീടം സമര്‍പ്പിച്ചത് തന്റെ ആചാര പ്രകാരമാണ്. മാതാവ് അത് സ്വീകരിക്കും. വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതിനിടെ കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കിരീടത്തിൽ ഭൂരിഭാഗവും ചെമ്പ് ആണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന ഇടവക പ്രതിനിധി യോഗത്തിലാണ് സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യമുയർന്നത്. പള്ളി വികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റി കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ്രതിനിധി യോഗത്തിൽ അറിയിക്കും. 

സ്ഥലം കൗൺസിലറും ഇടവക സമിതി അംഗവുമായ ലീല വർഗീസ് അടക്കമുള്ളവരാണ് കിരീടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. കിരീടത്തിലെ സ്വർണത്തിന്റെ അളവ് സംബന്ധിച്ച് ജനയുഗം ആണ് ആദ്യം വാർത്ത നൽകിയത്. സമൂഹ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച് സംശയങ്ങൾ പടർന്നിരുന്നു. ഈ സാഹചര്യത്തിൽ ഭാവിയിൽ പള്ളി അധികൃതർ സംശയത്തിന്റെ നിഴലിലാവുമെന്നും സ്വർണത്തിന്റെ കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കിരീടം പരിശോധിക്കാൻ തീരുമാനിച്ചത്. ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്. 

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എന്ന നിലയിൽ ന്യൂനപക്ഷങ്ങളുടെയും സഭയുടെയും പ്രീതി സമ്പാദിക്കാനാണ് കിരീട സമർപ്പണമെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. മണിപ്പൂരിൽ പള്ളികൾക്കും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും നേരെ ആക്രമണങ്ങളും ക്രൂര പീഡനങ്ങളും നടക്കുമ്പോൾ നിശബ്ദത പാലിച്ച സുരേഷ് ഗോപിക്ക് പെട്ടെന്ന് തൃശൂരിലെ മാതാവിനോട് സ്നേഹം തോന്നാനുള്ള കാരണവും തെരഞ്ഞെടുപ്പ് തന്നെയാണെന്ന് ഒരു വിഭാഗം കരുതുന്നു. സ്വര്‍ണ കിരീടത്തില്‍ ചെമ്പ് കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ സംഭവം വൻ വിവാദമായി മാറിയിരുന്നു. 

Eng­lish Sum­ma­ry: Suresh Gopi says that the crown is a rit­u­al: Believ­ers have no problem

You may also like this video

Exit mobile version