തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് ഗുണം ചെയ്‌തെന്ന് കെപിസിസി അന്വേഷണസമിതി റിപ്പോർട്ട്. സിപിഐ(എം) ബിജെപി ധാരണയനുസരിച്ചാണ് പൂരം കലക്കിയത്. ഇതുപ്രകാരം സുരേഷ് ഗോപി പ്രശ്നംപരിഹരിക്കുന്ന തരത്തിൽ പൊലീസ് ഒത്തുകളിച്ചെന്ന് തൃശൂർ, ചേലക്കര മണ്ഡലങ്ങളിലെ തോൽവി പഠിച്ച അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. രണ്ടിടത്തും വോട്ടുചേർക്കുന്നതിൽ ഉൾപ്പെടെ സംഘടനാവീഴ്ചകളുണ്ടായെന്നും കെ മുരളീധരന്റെ വരവ് ആശയക്കുഴപ്പമുണ്ടാക്കിയെന്നും കെപിസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആര്‍ക്കെതിരെയും നടപടി ശുപാര്‍ശ ചെയ്യാതെയാണ് റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. തൃശൂരില്‍ കെ മുരളീധരന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സെന്റും രാജിവച്ചിരുന്നു.