കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി തൃശൂരിലുണ്ടായിട്ടും സ്വാതന്ത്ര ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് തൃശൂർ ജില്ലാകമ്മിറ്റി. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചടങ്ങിൽ പ്രത്യേകമായ ഇരിപ്പിടം ഒരുക്കിയിരുന്നു. ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നതുമാണ്. എന്നാൽ, തൃശൂരിൽ ഉണ്ടായിട്ടും തേക്കിൻകാട് മൈതാനിയിലെ പരേഡ് പരിപാടിയിൽ സുരേഷ്ഗോപി പങ്കെടുത്തില്ല.
പിന്നീട് ഒറ്റയ്ക്ക് ഒരു കൊടിപിടിച്ച് നാടകം കളിച്ചതും കേന്ദ്രമന്ത്രിക്ക് ചേർന്ന നടപടിയായില്ല. താനൊരു നടൻ മാത്രമല്ലെന്ന് സുരേഷ് ഗോപി തിരിച്ചറിയണം. തൃശൂരിന്റെ എംപിയും കേന്ദ്രമന്ത്രിയുമായ അദ്ദേഹം ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ വാർത്താകുറിപ്പിൽ പറഞ്ഞു.