Site iconSite icon Janayugom Online

സുരേഷ് ഗോപിയുടെ ആഢംബര വാഹന നികുതി വെട്ടിപ്പ്; കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത് ജാള്യത മറയ്ക്കാന്‍

സുരേഷ് ഗോപിയുടെ ആഢംബര വാഹന നികുതി വെട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളിയതിലുള്ള ജാള്യത മറയ്ക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി. ആദായ നികുതി വകുപ്പിന്റെ റെെഡും മറ്റ് കോലഹലങ്ങളും ഇതിന്റെ ഭാഗമാണ്. തൃശൂരിൽ എൽഡിഎഫ് തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ബഹദൂരം മുന്നിലാണ്. ബിജെപി സ്ഥാനാർത്ഥിയുടെ ഗിമ്മിക്കുകൾ വേണ്ടത്ര വിലപ്പോവുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് എതിർ സ്ഥാനാർത്ഥികളിൽ മുന്നിലുള്ള എൽഡിഎഫിന്റെ പ്രവർത്തനങ്ങളെ കേന്ദ്ര അധികാരം ഉപയോഗിച്ച് തളർത്താൻ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വേളയിൽ എതിർ സ്ഥാനാർത്ഥികളെയും പാർട്ടികളെയും അധികാരം ഉപയോഗിച്ച് വേട്ടയാടുന്നത് ജനാധിപത്യ വ്യവസ്ഥയെ തകിടം മറിക്കുമെന്നും ഇതിനെ രാഷ്ടീയമായും നിയമപരമായും നേരിടുമെന്നും എല്‍ഡിഎഫ് അറിയിച്ചു. 

എഐസിസി അംഗം അനിൽ അക്കര കേന്ദ്ര ഏജൻസിയുടെ ഏജന്റാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. രാത്രി ഐടി ഉദ്യോഗസ്ഥർക്കൊപ്പം തൃശൂർ ബാങ്കിൽ ഇയാൾ എത്തിയത് ദുരൂഹമാണ്. സിപിഐഎം 1998 ൽ നിയമ വിധേയമായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ സംസ്ഥാന കമ്മിറ്റി മുഖേന ഇ ഡിക്ക് സമർപ്പിച്ചിട്ടുള്ളതാണ്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത്. ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ്. ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രീയ പാർട്ടികളുടെ കൈകാലുകൾ കെട്ടി തങ്ങൾക്ക് ജയിക്കാം എന്ന ബിജെപിയുടെ ധാർഷ്ട്യം ജനങ്ങൾ തിരിച്ചറിയും. ഇടതുപക്ഷത്തെ നിശബ്ദമാക്കാൻ കഴിയില്ലെന്നും വർദ്ധിത വീര്യത്തോടെ എൽഡിഎഫ് മുന്നോട്ട് പോകുമെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി കണ്‍വീനര്‍ കെ വി അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Suresh Gopi’s lux­u­ry vehi­cle tax evasion

You may also like this video

Exit mobile version