Site iconSite icon Janayugom Online

സുരേഷ്‌ഗോപിയുടെ അനുനയ നീക്കവും പാളി; താര സംഘടനയുടെ തലപ്പത്തേക്ക് ഇനി മോഹൻലാൽ ഇല്ല

കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ അനുനയ നീക്കവും പാളിയതോടെ താര സംഘടനയായ എഎംഎംഎ തലപ്പത്തേക്ക് മോഹൻലാൽ ഇല്ലെന്ന് ഉറപ്പായി. ഇനി ഭാരവാഹിയാകാൻ ഇല്ലെന്ന തീരുമാനം എഎംഎംഎ അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളെയും മോഹൻലാൽ അറിയിച്ചതായാണ് സൂചന. കേരള പിറവി ദിനത്തോട് അനുബന്ധിച്ച് കൊച്ചി എഎംഎംഎ ആസ്ഥാനത്ത് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത സുരേഷ്‌ഗോപി മോഹൻലാലിനെ ഭാരവാഹിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് സഹപ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു. 

നിരവധി പ്രശ്നങ്ങളാണ് അമ്മയുടെ ഭാരവാഹിത്വത്തിൽ ഇരുന്നപ്പോൾ മോഹൻലാലിന് നേരിടേണ്ടിവന്നത്. സംഘടനയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങേണ്ടിവന്ന ഏക പ്രസിഡന്റും മോഹൻലാലാണ്. ഇതോടെ ഭാരവാഹിത്തം ഇനി ഏറ്റെടുക്കരുതെന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദേശമനുസരിച്ചാണ് മോഹൻലാലിന്റെ തീരുമാനമെന്നാണ് സൂചന. 1994ല്‍ എം ജി സോമന്‍ പ്രസിഡന്റായപ്പോൾ മോഹന്‍ലാല്‍ ആയിരുന്നു വൈസ് പ്രസിഡന്റ് . 2000ല്‍ ആദ്യമായി ഇന്നസെന്റ് പ്രസിഡന്റായപ്പോഴും വൈസ് പ്രസിഡന്റായി. 2003 ലാണ് മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 2015 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് 2018 ലാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

സഹപ്രവർത്തകയുടെ പീഡന പരാതിയിൽ സംഘടനയിൽ നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കുന്നതിനുള്ള ചര്‍ച്ച അന്ന് തുടങ്ങിയപ്പോൾ ഇതില്‍ പ്രതിഷേധിച്ച് രമ്യ നമ്പീശന്‍, റിമ കല്ലിങ്കില്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ രാജിവെച്ചിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായപ്പോള്‍ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. എന്നാല്‍ മോഹന്‍ലാല്‍ പിന്‍മാറിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം വേണ്ടിവരുമെന്ന സാഹചര്യം മുന്നില്‍ കണ്ട ഒരു വിഭാഗം നടത്തിയ ശ്രമത്തിന്റെ ഫലമായാണ് മോഹന്‍ലാല്‍ സ്ഥാനത്ത് തുടര്‍ന്നത്. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന ഭരണസമിതി, ഹേമ കമ്മിറ്റി റിപ്പോർട്ടിനും നടന്മാർക്കെതിരായ ലൈംഗിക ആരോപണങ്ങൾക്കും പിന്നാലെ രാജിവെച്ചിരുന്നു. താത്കാലിക ഭരണസമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.

Exit mobile version