വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയെന്ന പദവി ഇനി ആമസോണിന് സ്വന്തം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റീട്ടെയിൽ ഭീമൻ വാൾമാർട്ടിനെ പിന്തള്ളിയാണ് ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ഈ നേട്ടം കൈവരിച്ചത്. ഇ‑കൊമേഴ്‌സ് വിപണിയിലെ കുതിപ്പും ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിലെ ആധിപത്യവുമാണ് ആമസോണിന് തുണയായത്. കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പ്രകാരം ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടിയപ്പോൾ, വാൾമാർട്ടിന്റെ വരുമാനം 713.2 ബില്യൺ ഡോളർ ആയിരുന്നു. റീട്ടെയിൽ മേഖലയിൽ വാൾമാർട്ടുമായുള്ള കടുത്ത മത്സരത്തിലും ആമസോൺ വെബ് സർവീസസ് നേടിയ വൻ വളർച്ച കമ്പനിയെ ഒന്നാമതെത്തിക്കാൻ സഹായിച്ചു.
ഓൺലൈൻ വിപണിയിൽ ആമസോണിന് ഇപ്പോഴും എതിരാളികളില്ല. ഓരോ മാസവും ഏകദേശം 2.7 ബില്യൺ ആളുകളാണ് ആമസോൺ വെബ്‌സൈറ്റും ആപ്പും സന്ദർശിക്കുന്നത്. എന്നാൽ ഓഫ്‌ലൈൻ സ്റ്റോറുകളുടെ കാര്യത്തിൽ വാൾമാർട്ട് തന്നെയാണ് ഇപ്പോഴും മുന്നിൽ. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വാൾമാർട്ടിന്റെ നേരിട്ടുള്ള സ്റ്റോറുകൾക്ക് വലിയ വിപണിയുണ്ട്. ഏറ്റവും കൂടുതൽ വരുമാനമുള്ള കമ്പനിയായി ആമസോൺ മാറിയെങ്കിലും, വിപണി മൂല്യത്തിന്റെ കാര്യത്തിൽ ഇപ്പോഴും മുന്നിൽ നിവിഡിയ ആണ്. 4.5 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള നിവിഡിയയ്ക്ക് ആമസോണിന്റെ ഇരട്ടി മൂല്യമാണുള്ളത്. എ ഐ മേഖലയിലുണ്ടായ വിപ്ലവകരമായ വളർച്ചയാണ് ചിപ്പ് നിർമ്മാതാക്കളായ നിവിഡിയയെ ഒന്നാമതെത്തിച്ചത്.

