Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ ‘സര്‍വേ‘ത്തല്ല്; തരൂരിനെതിരെ പരിഹാസവും വിമര്‍ശനവുമായി നേതാക്കള്‍

മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മറ്റാരെക്കാളും യോഗ്യന്‍ താനാണെന്ന് പ്രഖ്യാപിച്ച ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. തരൂര്‍ പങ്കുവച്ചത് വ്യാജ സര്‍വേയാണെന്നും ആധികാരികതയില്ലാത്തതാണെന്നുമെല്ലാം നേതാക്കള്‍ പരസ്യമായി അഭിപ്രായപ്പെട്ടു. അതിനിടയില്‍, അടിയന്തരാവസ്ഥയ്ക്കും ഇന്ദിരാഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയുള്ള തരൂരിന്റെ ലേഖനം ഇന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ദേശീയ നേതൃത്വത്തിന് മുന്നിലും കടുത്ത സമ്മര്‍ദം ചെലുത്തുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍.
വോട്ട് വൈബ് എന്ന സംഘടന നടത്തിയ സര്‍വേയുടെ ഫലത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍‍ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ശശി തരൂര്‍ സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചത്. സര്‍വേയില്‍ പങ്കെടുത്ത 28.3% പേര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചുവെന്നാണ് വോട്ട് വൈബ് പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് 15.4% പേരുടെയും രമേശ് ചെന്നിത്തലയ്ക്ക് 8.2% പേരുടെയും കെ സി വേണുഗോപാലിന് 4.2% പേരുടെയും പിന്തുണ മാത്രമാണുള്ളതെന്നാണ് സര്‍വേ ഫലം. മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ട് കഴിയുന്ന ഒരുപിടി നേതാക്കള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ടായിരുന്നു ജനപിന്തുണ കൂടുതലുണ്ടെന്ന തരൂരിന്റെ സ്വയംപ്രഖ്യാപനം. 

കടുത്ത പരിഹാസമാണ് മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരനും എം എം ഹസനും തരൂരിനെതിരെ ഉയര്‍ത്തിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ള ആളാണ് മുഖ്യമന്ത്രിയാകേണ്ടത്. തരൂര്‍ ഏത് പാര്‍ട്ടിയാണെന്ന് അദ്ദേഹം ആദ്യം തീരുമാനിക്കട്ടെയെന്നായിരുന്നു മുരളീധരന്റെ പരിഹാസം. പ്രധാനമന്ത്രിയാകാന്‍ ആരാണ് ഏറ്റവും യോഗ്യന്‍ എന്ന് സര്‍വേ നടത്തിയാല്‍ അതിലും തരൂരിന്റെ പേരുണ്ടാകാമെന്നായിരുന്നു എം എം ഹസന്റെ പരിഹാസം. വിശ്വാസ്യതയില്ലാത്തതെന്നും ‘ആരോ കുക്ക് ചെയ്ത സര്‍വേ‘യെന്നുമുള്‍പ്പെടെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ചിലര്‍ മനഃപൂര്‍വമായി സര്‍വേ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ തരൂരിനെതിരെയുള്ള കുറ്റപ്പെടുത്തല്‍. പരസ്യമായി ശക്തമായ വിമര്‍ശനമുന്നയിക്കാതെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മാധ്യമങ്ങളോട് പ്രതികരിച്ചത്. 

അങ്ങനെ പല സര്‍വേകളുമുണ്ടാകും, ചിലത് നമ്മള്‍ കാണും, ചിലത് കാണാത്തതുണ്ടാകുമെന്ന് പരോക്ഷമായി വി ഡി സതീശന്‍ തരൂരിനെ പരിഹസിച്ചു. എല്ലാവര്‍ക്കും ആഗ്രഹിക്കാനുള്ള അവകാശമുണ്ടെന്നും ആരും അയോഗ്യരായവരില്ലെന്നും സണ്ണി ജോസഫും പറഞ്ഞു. ദേശീയ പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂരിനെതിരെ നടപടിയെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അവര്‍ ഇടപെടണമെന്നുമാണ് വി ഡി സതീശനുള്‍പ്പെടെയുള്ള നേതാക്കള്‍ നല്‍കുന്ന സൂചന. മോഡിയെ പ്രകീര്‍ത്തിച്ചതടക്കമുള്ള വിഷയങ്ങളിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു തരൂരിന്റെ നിലപാട്. ഇന്ദിരാഗാന്ധിക്കെതിരെയുള്ള ലേഖനവും പുറത്തുവന്ന സാഹചര്യത്തില്‍ ദേശീയ നേതൃത്വം അടിയന്തരമായി നടപടിയെടുക്കണമെന്ന ആവശ്യമാണ് നേതാക്കള്‍ക്കുള്ളത്.

Exit mobile version