Site iconSite icon Janayugom Online

ഉജ്ജ്വല യോജന ദുരന്തം; ഗ്യാസ് കണക്ഷന്‍ ഉപേക്ഷിച്ച് ജനങ്ങള്‍ വിറകടുപ്പിലേക്ക് മാറുന്നതായി റിപ്പോര്‍ട്ട്

മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന വൻ പരാജയമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അനിയന്ത്രിതമായി വര്‍ധിക്കുന്ന പാചകവാതക വില താങ്ങാനാവാത്തതിനെ തുടര്‍ന്ന് ഗ്രാമീണര്‍ വിറക് അടുപ്പിലേക്ക് മാറുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ച 42 ശതമാനം ജനങ്ങളാണ് പിന്നീട് ഇത് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമിലും മിഡ്നാപ്പൂരിലുമായാണ് സര്‍വ്വേ നടത്തിയത്. 100 ഗ്രാമങ്ങളില്‍ നിന്നുളള 560 വീടുകളില്‍ നടത്തിയ സര്‍വേയില്‍ പകുതിയോളം ആളുകളും തങ്ങളുടെ ഗ്യാസ് സിലിണ്ടറുകള്‍ ഉപേക്ഷിച്ച് വിറകിലേക്ക് മടങ്ങിയതായി കണ്ടെത്തി.

പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് 2016ലാണ്. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു ഇത്. രാജ്യത്തെ 98 ശതമാനം ജനങ്ങളും പദ്ധതിയുടെ ഉപയോക്താക്കളായി എന്നായിരുന്നു ബിജെപിയുടെ പ്രചരണം. എന്നാല്‍, ഈ പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ എടുത്ത ജനങ്ങളില്‍ നല്ലൊരു ശതമാനം ജനങ്ങളും അതില്‍ നിന്ന് പിൻമാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്യാസ് വില വര്‍ദ്ധനവ്, ലോക്ഡൗണ്‍ കാലത്തെ ഗ്യാസ് ലഭ്യത പ്രശ്നം, ഗാര്‍ഹിക വരുമാനം കുറയല്‍ എന്നിങ്ങനെ മൂന്ന് കാരണങ്ങളാലാണ് പദ്ധതി പരാജയപ്പെടാൻ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2020 സെപ്റ്റംബറില്‍ 620.50 രൂപയുണ്ടായിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 2021 നംവബര്‍ 5 ന് 926 രൂപയാണ്.

ENGLISH SUMMARY: Sur­vey reveals 42% gave up LPG cylin­ders due to price hike

YOU MAY ALSO LIKE THIS VIDEO

Exit mobile version