Site iconSite icon Janayugom Online

മലയാള ഭാവനയുടെ നിലനിൽപ്; മികച്ച വിവർത്തകർ അനിവാര്യം

mukundanmukundan

മലയാള ഭാവനയുടെ നിലനിൽപ്പിന് മികച്ച വിവർത്തകർ അനിവാര്യമാണെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അഭിപ്രായമുയർന്നു. ‘ഇന്ത്യൻ സാഹിത്യത്തിൽ മലയാള ഭാവനയുടെ സ്വാധീനം’ എന്ന സെഷനിലാണ് അഭിപ്രായമുയർന്നത്. മലയാള സാഹിത്യത്തെ ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് എത്തിച്ച എഴുത്തുകാരായ ബെന്യാമിൻ, എം മുകുന്ദൻ, എസ് ഹരീഷ് എന്നിവരുടെ സാന്നിധ്യം വേദിയിൽ മികച്ച ശ്രദ്ധയാകർഷിച്ചു.

മലയാളി ജീവിതത്തെ കുറിച്ചുള്ള എഴുത്തുകൾക്കാണ് അന്തർദേശീയ തലത്തിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നതെന്ന ബെന്യാമിന്റെ അഭിപ്രായത്തോട് അതിന് നല്ല വിവർത്തകരുടെ ലഭ്യത കൂടി അനിവാര്യമാണെന്ന് എം മുകുന്ദൻ കൂട്ടിച്ചേർത്തു. മലയാള സാഹിത്യങ്ങൾ വിവർത്തനം ചെയ്യപ്പെടുമ്പോൾ അതിലെ ഭാവന നഷ്ടപ്പെടുന്നുണ്ടോ എന്നും വായനക്കാരന്റെ ആശങ്കക്ക് പുതിയ എഡിറ്റർമാരിൽ പ്രതീക്ഷ ഉണ്ടെന്നും വിവർത്തനം ചെയ്യപ്പെട്ട മലയാള സാഹിത്യങ്ങൾക്ക് കിട്ടുന്ന അവാർഡുകൾ അതിന്റെ തെളിവാണെന്നും ബെന്യാമിൻ അറിയിച്ചു. 

ഇന്ത്യൻ സാഹിത്യത്തിൽ മലയാളത്തെ സമകാലികമായി ഏറെ അടയാളപ്പെടുത്തിയ മൂന്നു മലയാളി എഴുത്തുകാരുടെ സംഗമമായിരുന്നു ചര്‍ച്ച നടന്ന അക്ഷരം വേദി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനതുകയുള്ള ( 25 ലക്ഷം )ജെസിബി ലിറ്ററേച്ചർ അവാർഡ് തൊട്ടടുത്തെ മൂന്നു വർഷങ്ങളിൽ നേടിയ ബെന്യാമിൻ (2018), എം മുകുന്ദൻ (2019 ), എസ് ഹരീഷ് (2020) എന്നിവരാണ് ഇന്ത്യൻ സാഹിത്യത്തിലെ മലയാള സ്വാധീനത്തെക്കുറിച്ച് സംവദിക്കുവാൻ എത്തിയത്. ജെസിബി പ്രൈസ് ഫോർ ലിറ്ററേച്ചറിന്റെ സഹകരണത്തോടെയാണ് ചർച്ച സംഘടിപ്പിച്ചത്. 

Eng­lish Sum­ma­ry: Sur­vival of the Malay­alam Imag­i­na­tion; Good trans­la­tors are essential

You may also like this video

Exit mobile version