Site icon Janayugom Online

ദേശീയ ചലചിത്ര അവാര്‍ഡ്; സച്ചി സംവിധായകന്‍, അപര്‍ണ നടി, ബിജു സഹ നടന്‍

റെജി കുര്യന്‍

ന്യൂഡല്‍ഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. സച്ചി മികച്ച സംവിധായകന്‍. അപര്‍ണ ബാലമുരളി നടി. ബിജു മേനോന്‍ സഹനടന്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് കെ ആര്‍ സച്ചിദാനന്ദന്‍ എന്ന സച്ചി മികച്ച സംവിധായനായത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച സഹനടനായി. സൂരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ അഭിനയത്തിലൂടെയാണ് മലയാളി താരം അപര്‍ണ ബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ് നടന്‍ സൂര്യയും ഹിന്ദി നടന്‍ അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടന സംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി. ഈ സിനിമയിലെ ഗാനത്തിന് മികച്ച പിന്നണി ഗായികയായി നഞ്ചിയമ്മയെ തിരഞ്ഞെടുത്തു. 13 പുരസ്കാരങ്ങള്‍ നേടി മലയാളം ഇന്ത്യന്‍ സിനിമാ രംഗത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമായി.
2020ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ‌ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ശബ്ദത്തിനുള്ള രജത് കമലും ക്യാഷ് അവാര്‍ഡും റാപ്‌സോഡി ഓഫ് റയിന്‍സ്-മണ്‍സൂണ്‍ ഓഫ് കേരള എന്ന ചിത്രത്തിലെ ശബ്ദ വിവരണത്തിന് ശോഭാ തരൂര്‍ ശ്രീനിവാസന്‍ അര്‍ഹയായി.
ഈ വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ സിനിമകള്‍ സംവിധാനം ചെയ്ത ആര്‍ വി രമണി മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മികച്ച വിദ്യാഭ്യാസ ചിത്രം നന്ദന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഡ്രീമിങ് ഓഫ് വേര്‍ഡ്‌സാണ്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മലയാളത്തില്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ഇടം നേടി. കപ്പേള എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന് അനീഷ് നാടോടി മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കി. ശബ്ദസംവിധാനത്തിന് വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും അര്‍ഹരായി.

Exit mobile version