തിരുവനന്തപുരത്തെ സൂര്യഗായത്രി കൊലക്കേസില്‍ നാളെ വിധി പറയും. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ (20) ആണ് കുറ്റാരോപിതന്‍. ജാമ്യപേക്ഷ നിരസിച്ചതിനാൽ തിരുവനന്തപുരം ജില്ലാ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് അരുണ്‍. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ വിഷ്ണുവാണ് വിധി പറയുക.
2021 ഓഗസ്റ്റ് 30ന് ഉച്ചക്ക് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് — വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി(20)യെ അരുണ്‍ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ മാതാപിതാക്കൾ. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍ സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട് മാതാവ് വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അവരെയും അരുണ്‍ കുത്തി. സൂര്യയുടെ തലമുതല്‍ കാലുവരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേൽപിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു.
കേസില്‍ 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീനാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. അഖില ലാല്‍, ദേവിക മധു, മോഹിത മോഹന്‍ എന്നിവരും പ്രോസിക്യൂഷന്‍ അഭിഭാഷകസംഘത്തിലുണ്ടായിരുന്നു. ക്ലാരൻസ് മിരാൻഡ, പരുത്തിപ്പള്ളി സുനിൽകുമാര്‍ എന്നിവരാണ് പ്രതിഭാഗം അഭിഭാഷകര്‍.
English Sammury: Thiruvananthapuram suryagayathri murder-case Judgment tomorrow