ഗുസ്തി താരം ബജ്റംഗ് പുനിയയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (എൻഎഡിഎ)യുടെ പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി.
ജസ്റ്റിസ് സഞ്ജീവ് നരുള അടങ്ങിയ ബെഞ്ച് എൻഎഡിഎയ്ക്ക് നോട്ടീസ് നല്കി. സസ്പെൻഷന് ഇടക്കാല ആശ്വാസം നല്‍കണമെന്ന് പുനിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടങ്കിലും യാതൊരു ഹര്‍ജിയും സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഇത് ഒരാളെ വേട്ടയാടുന്നതാണെന്നും താരത്തിന് ലോക ചാമ്പ്യൻഷിപ്പിനു വേണ്ടി പരിശീലിക്കണമെന്നും പുനിയയുടെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ പരിശോധനയ്ക്ക് വിധേയനാകാതെ എങ്ങനെയാണ് മത്സരത്തില്‍ പങ്കെടുക്കാൻ സാധിക്കുന്നതെന്ന് കോടതി ചോദിച്ചു.
കാലാവധി കഴിഞ്ഞ കിറ്റുകളാണ് പരിശോധനയ്ക്ക് നല്കിയതെന്ന് പുനിയയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അതേസമയം, വിഷയം പരിശോധിക്കാൻ അച്ചടക്ക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് എൻഎഡിഎ പറഞ്ഞു. ട്രയല്‍സില്‍ സാമ്പിള്‍ നല്‍കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് എൻഎഡിഎ പുനിയയെ സസ്പെൻഡ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത് താരം പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കല്‍ ഒക്ടോബറിലേക്ക് മാറ്റി.