Site iconSite icon Janayugom Online

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

policepolice

വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെന്‍ഷന്‍.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ അസാദ് എം, അജീഷ് കെ ആർ എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രിയിൽ കട്ടപ്പന പള്ളിക്കവലയില്‍ പിക് അപ് വാനും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാഞ്ചിയാര്‍ ചുരക്കാട്ട് ജുബിന്‍ ബിജു, ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി എന്നിവരെ നാട്ടുകാര്‍ പറഞ്ഞിട്ടും ആശുപത്രിയില്‍ എത്തിക്കുവാന്‍ തയ്യാറാതെയിരുന്നതിനാലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പീരുമേട് സബ് ജയിലില്‍ പ്രതിയെ ആക്കിയതിന് ശേഷം മടങ്ങുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. അപകടം കണ്ടിട്ടും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ യാത്ര തുടരുകയായിരുന്നു ഉദ്യോഗസ്ഥർ. 

ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ സസ്പെൻഡ് ചെയ്തത്.
അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അഖിൽ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വലതു കാലിനും കൈക്കും ശസ്ത്രക്രീയ നടത്തുകയും ചെയ്തു. അഖിലിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജുബിൻ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Sus­pen­sion of police offi­cers who did not take the injured to the hospital

You may also like this video

Exit mobile version