Site iconSite icon Janayugom Online

രാജ്യസഭാ എംപിമാരുടെ സസ്പെന്‍ഷന്‍ ; ഒളിച്ചുകളി തുടരുന്നു

രാജ്യസഭാ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രിവിലേജ് കമ്മിറ്റി യോഗം ചേര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ എംപിമാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനാകൂ. പാര്‍ലമെന്റ് ചേരാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കേ, പ്രതിപക്ഷ എംപിമാരെ ഒഴിവാക്കാനുള്ള കുതന്ത്രമാണ് പ്രിവിലേജ് കമ്മിറ്റി നടത്തുന്നത്. രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.

രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ് അധ്യക്ഷനായ സമിതി എംപിമാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എംപിമാരെല്ലാം ഇതിനോടകം വിശദീകരണം നല്‍കിയെങ്കിലും സമിതി യോഗം ചേരാത്തതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. പ്രിവിലേജ് കമ്മിറ്റി എന്ന് യോഗം ചേരുമെന്ന കാര്യം നിശ്ചയിച്ചിട്ടില്ലെന്നും ഒരുപക്ഷേ 29, 30 തീയതികളില്‍ സമ്മേളിച്ചേക്കാമെന്നുമാണ് സമിതി അധ്യക്ഷന്റെ ഓഫിസില്‍ നിന്നും ലഭിച്ച വിവരം. സിപിഐയിലെ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, സിപിഐ(എം) അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, കോണ്‍ഗ്രസ് അംഗങ്ങളായ ജെബി മേത്തര്‍, എല്‍ ഹനുമന്തയ്യ, നീരജ് ദാംഗി, രാജ്മണി പട്ടേല്‍, കുമാര്‍ കെത്കര്‍, ജി സി ചന്ദ്രശേഖര്‍, ഡിഎംകെ അംഗം എം മുഹമ്മദ് അബ്ദു എന്നിവരുടെ സസ്‌പെന്‍ഷനാണ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ളത്.

ശൈത്യകാല സമ്മേളനത്തിനിടെ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഇരുസഭകളിലെയും എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ലോക്‌സഭയില്‍ നൂറും രാജ്യസഭയില്‍ 46 പേരുമാണ് സസ്പെന്‍ഷന് വിധേയരായത്. ഇതില്‍ ലോക്‌സഭയിലെ മൂന്ന് എംപിമാരുടെയും രാജ്യസഭയില്‍ 11 എംപിമാരുടെയും കാര്യത്തില്‍ തീരുമാനം പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. ബാക്കി എംപിമാരുടെ സസ്പെന്‍ഷന്‍ ശൈത്യകാല സമ്മേളനത്തോടെ അവസാനിച്ചതിനാല്‍ അവര്‍ക്ക് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തടസമില്ല.

ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി കഴിഞ്ഞ 13ന് യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് എംപിമാരായ കെ ജയകുമാര്‍, അബ്ദുള്‍ ഖാലിക്, വിജയ് വസന്ത് എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. തീരുമാനം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ജനുവരി 31ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇക്കാര്യം കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാനത്തെ പാര്‍ലമെന്റ് സമ്മേളനമാണിത്. ഫെബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ്.

Eng­lish Sum­ma­ry: Sus­pen­sion of Rajya Sab­ha MPs
You may also like this video

YouTube video player
Exit mobile version