Site iconSite icon Janayugom Online

സ്വർണ്ണലത വീണ്ടും പാടുമ്പോൾ

കുട്ടിക്കാലംതൊട്ടേ മനസിൽ കൂടുകൂട്ടിയ പാട്ടുകൾക്ക് ആസ്വാദ്യത കൂടുമല്ലോ. പാടിയതാരാണെന്നറിയാതെ കാതിൽ പതിഞ്ഞ ഗാനങ്ങൾ പിന്നീട് കേൾക്കേണ്ടി വരുമ്പോൾ തോന്നുന്നത് തികച്ചും ആശ്ചര്യംമാത്രം. അത്തരത്തിൽ കുറേ നല്ല തമിഴ്, മലയാളം ഗാനങ്ങൾ വീണ്ടും കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷം തീരെ ചെറുതല്ല. അതിനു നിമിത്തമായത് മൂത്തേടത്ത് സുരേഷ്ബാബു എഴുതിയ ‘സ്വർണ്ണലത: സംഗീതജീവിതം’ എന്ന പുസ്തകമാണ്. 

ഈ പുസ്തകം വായിക്കാൻ എടുത്തപ്പോൾ ഞാൻ അത്രയൊന്നും മനസിലാക്കിയിട്ടില്ലാത്ത ആ ഗായികയെക്കുറിച്ച് കൂടുതൽ അറിയാനുള്ള കൗതുകമായിരുന്നു ഉണ്ടായിരുന്നത്. വായന തുടങ്ങിയതോടെ സ്വർണലതയുടെ സംഗീതജീവിതത്തെ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ തോന്നിയതേയില്ല. ഓരോ പാട്ടിനെക്കുറിച്ചുമുള്ള വിവരണങ്ങൾ എത്തുമ്പോൾ വായന അവിടെ നിർത്തും. അത്രയ്‌ക്കും സൂക്ഷ്മവും ലളിതവുമായാണ് ഇതിൽ സുരേഷ്ബാബു ഗാനങ്ങളെ വിശകലനം ചെയ്തിരിക്കുന്നത്. പിന്നെ ആ പാട്ട് കേട്ടതിനുശേഷം മാത്രമേ വായന മുന്നോട്ടുകൊണ്ടുപോകാൻ തോന്നുകയുള്ളൂ. ഗാനങ്ങൾ ആവർത്തിച്ചു കേൾക്കുമ്പോൾ സ്വർണലതയുടെ ശബ്ദമാധുര്യത്തിൽ അലിഞ്ഞുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ. അവരുടെ ഓരോ ഗാനവും മനസിൽ നിറയ്ക്കുന്നത് കുട്ടികാലത്ത് അനുഭവിച്ച അതേ ആനന്ദമാണ്. അന്നുകേട്ട ഗാനങ്ങളിലേറെയും സ്വർണലതയാണ് പാടിയതെന്ന് അറിഞ്ഞത് ഈ പുസ്തകത്തിലൂടെയാണ്. 

സ്വർണ്ണലത പാടുമ്പോൾ വാക്കുകൾക്കിടയിലെ മൗനം പോലും സംഗീതമായി മാറുന്നു. അങ്ങനെ ഓരോ പാട്ടും കേട്ട് ആ ഗാനവീഥിയിലൂടെ അലഞ്ഞു നടക്കാൻ മനസ് തുടിക്കുമെന്നതിൽ സംശയമില്ല. അതുവരെ അവർ അടിപൊളി ഗാനങ്ങൾ മാത്രം പാടുന്ന ഒരാൾ എന്നായിരുന്നു കരുതിയത്. എന്നാൽ ‘പോറാളേ പൊന്നുത്തായി‘യിലെ ശോകം, ‘മാലയിൽ യാരോ മനതോട് പേസ’യിലെ പ്രണയം, ഇതൊന്നും എത്ര കേട്ടാലും മതിവരാത്തതാണ്. അനാർക്കലി എന്ന മൊഴിമാറ്റ ചിത്രത്തിലെ ഗാനങ്ങൾ കേട്ട് ആ സുവർണ നാദത്തിന്റെ മാസ്മരികതയിൽ ലയിച്ച് എത്രനേരമിരുന്നു എന്നറിയില്ല. ഈ പുസ്തകം വായിച്ചപ്പോഴാണ് ആ അതുല്യ കലാകാരി ഇത്രയധികം ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. അവരോടൊപ്പം പാടിയിട്ടുള്ള ഗായികാ ഗായകരുടെയും അവരെക്കൊണ്ട് പാട്ടുപാടിപ്പിച്ചിട്ടുള്ള സംഗീതസംവിധായകരുടെയും ഓർമ്മക്കുറിപ്പുകൾ ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതതന്നെയാണ്.
വായിച്ചു തീർന്നപ്പോൾ സ്വർണലത ഒരു ശോകരാഗമായി മനസിൽ നിറഞ്ഞൊഴുകി. ആർക്കും അനുകരിക്കാൻ പറ്റാത്ത ആ അനുഗ്രഹീതഗായികയുടെ വിസ്മയിപ്പിക്കുന്ന ഏകാന്ത സംഗീതതീരത്തേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകാൻ ഈ പുസ്തകത്തിനു സാധിച്ചു. 

സ്വർണലത: സംഗീതജീവിതം
(ജീവചരിത്രം)
മൂത്തേടത്ത് സുരേഷ് ബാബു
മാതൃഭൂമി ബുക്സ്
430 രൂപ

Exit mobile version