എഴുത്തുകാരികൂടിയാണ് മന്ത്രി ആര്‍ ബിന്ദു എന്ന് ഓര്‍മ്മപ്പെടുത്തിയുള്ള കഥാകൃത്ത് ടി പത്മനാഭന്റെ അനുഭവകഥ, കൗതുകമാകുന്നു. ‘വീണ്ടും ഒരു ചെറിയ കഥ’ എന്ന കഥയിലാണ് ടി പത്മനാഭന്‍ മന്ത്രി വെളിപ്പെടുത്തിയ രഹസ്യത്തെ പരസ്യമാക്കിയത്. ഒരിക്കല്‍ മന്ത്രി വിളിച്ചതും രഹസ്യമായി താന്‍ കഥയെഴുതുമെന്നുമെല്ലാം പറഞ്ഞതായി എഴുത്തുകാരന്‍ കഥയില്‍ പറയുന്നു.
മന്ത്രിയെ ഫോണില്‍ വിളിക്കുന്നതാണ് കഥാ സന്ദര്‍ഭം.
ഒരു പ്രത്യേക സംഭവത്തില്‍ മന്ത്രിയെ അഭിനന്ദിക്കുന്നതിനായാണ് അദ്ദേഹം അവരെ ഫോണില്‍ വിളിച്ചത്.
അപ്പോഴാണ് താന്‍ കഥകള്‍ എഴുതിയിരുന്ന കാര്യം മന്ത്രി അദ്ദേഹത്തോട് വെളിപ്പെടുത്തിയത്.
ഞാന്‍ ഒരു ഞെട്ടലോടെ ചോദിച്ചു:
“രഹസ്യമോ? എന്ത് രഹസ്യം…?”
അപ്പോള്‍ അവര്‍ തെല്ല് നാണത്തോടെ പറഞ്ഞു: “സാറേ, പണ്ട് ഞാനും ധാരാളം കഥകളെഴുതിയിരുന്നു. ഹെെസ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത്. ആദ്യം ഹെെസ്കൂള്‍-കോളജ് മാസികകളിലായിരുന്നു. പിന്നീട് ചെറിയ ചെറിയ വാരികകളിലും മാസികകളിലുമൊക്കെയായി കോളജില്‍ പഠിക്കുന്ന കാലത്താണ് എനിക്കൊരു മോഹം വന്നത്. എന്തുകൊണ്ട് എന്റെതായ ഒരു കഥാസമാഹാരമിറക്കിക്കൂടാ? കൂട്ടത്തില്‍ നല്ലതെന്ന് എനിക്ക് തോന്നിയ പത്തിരുപത് കഥകളുമായി ഞാന്‍ കൃഷ്ണന്‍മാസ്റ്ററുടെ അടുക്കലേക്ക് പോയി… സാറിന് മടുക്കുന്നുണ്ടോ? ഇതൊന്നും ഞാന്‍ സാറിനോട് പറയേണ്ട ആവശ്യമില്ല. പക്ഷെ, പറയണമെന്ന് എന്റെ മനസ് പറയുന്നു. അതുകൊണ്ടാണ്…
ഞാന്‍ പറഞ്ഞു. ഇല്ല എനിക്ക് ഒരു മടുപ്പുമില്ല, പറഞ്ഞോളൂ..ഞാന്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ട്..അപ്പോള്‍ അവര്‍ വീണ്ടും പറയാന്‍ തുടങ്ങി. സാഹിത്യ സംബന്ധിയായ കാര്യങ്ങളില്‍ എനിക്ക് ഏറെ പ്രോത്സാഹനം നല്‍കിയ ആളാണ് കൃഷ്ണന്‍മാസ്റ്റര്‍. കൃഷ്ണന്‍മാസ്റ്ററോട് എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ കൃഷ്ണന്‍മാസ്റ്റര്‍ പറഞ്ഞു.
നല്ലകാര്യം നമുക്ക് പുസ്തകമാക്കാം. പിന്നെ കുറച്ച ദിവസമായി ഞാന്‍ വിചാരിക്കുന്നു കുട്ടിക്ക് ഒരു പുസ്തകം വായിക്കാന്‍ തരണമെന്ന്,അങ്ങനെ പറഞ്ഞ് കൃഷ്ണന്‍ മാസ്റ്റര്‍ മേശപ്പുറത്തുനിന്ന് അത്രയൊന്നും വലുതല്ലാത്ത ഒരു പുസ്തകമെടുത്ത് എനിക്ക് തന്നു. അന്ന് രാത്രി തന്നെ ആ പുസ്തകം ഞാന്‍ വായിച്ചുതീര്‍ത്തു.
ഏറെ ഉദ്യേഗത്തോടെ ഞാന്‍ ചോദിച്ചു.
എന്നിട്ട്..
അപ്പോള്‍ വിശേഷിച്ച് ഒന്നുമില്ലാത്തതുപോലെ അവര്‍ പറഞ്ഞു.
ഒ എന്നിട്ടൊന്നുമില്ല, ഞാന്‍ പുസ്തകമിറക്കിയില്ല, പിന്നെ കഥകള്‍ എഴുതുന്നതും നിര്‍ത്തി.
എനിക്ക് ഏറെ സങ്കടം തോന്നി.
ഞാന്‍ ചോദിച്ചു. മാഡത്തിന് കൃഷ്ണന്‍ മാസ്റ്റര്‍ തന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവ് ആരായിരുന്നു.?
അമര്‍ത്തിപ്പിടിച്ച ഒരു ചെറു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.
ഒരു ടി പത്മനാഭന്‍.