Site iconSite icon Janayugom Online

ടി20 ലോകകപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ, ദുബെയ്ക്ക് അര്‍ധസെഞ്ചുറി

ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയുടെ മുന്നേറ്റം. നെ­തര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് എയില്‍ നേ­രത്തെ തന്നെ സൂപ്പര്‍ 8 ഉറപ്പിച്ച ഇന്ത്യ ഇതുവരെയും തോല്‍വിയറിഞ്ഞിട്ടില്ല. നെതര്‍ലന്‍ഡ്സിനെ­തിരായ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മൈക്കല്‍ ലെവിറ്റും മാക്സ് ഒഡൗഡും ചേര്‍ന്ന് 35 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ സ്കോര്‍ബോര്‍ഡിലെത്തിച്ചത്. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി മാക്സിനെ ബൗള്‍ഡാക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തില്‍ 20 റണ്‍സാണ് മാക്സ് നേടിയത്. 

പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താന്‍ ഡച്ചുപടയ്ക്കായില്ല. ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സാണ് പവര്‍പ്ലേയില്‍ നെതര്‍ലന്‍ഡ്സ് നേടിയത്. എന്നാല്‍ പിന്നീട് ടോപ് ഗിയറിലായി. എന്നാല്‍ സ്കോര്‍ 94ല്‍ നില്‍ക്കെ വരുണ്‍ ചക്ര­വര്‍­ത്തി വീണ്ടും ഇ­ന്ത്യയുടെ രക്ഷ­ക­നായി അവത­രിച്ചു. കോളിന്‍ അ­ക്കര്‍മാനെ (15 പന്തില്‍ 23)യും പി­ന്നാലെ­യെ­ത്തി­യ ആര്യന്‍ ദത്തി­നെ(ഒരു പന്തില്‍ പൂജ്യം) വരു­ണ്‍ പുറത്താക്കി.
പിന്നാലെ ലെവിറ്റിനെ ഹാര്‍ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളിലെത്തിച്ചു. 23 പ­ന്തില്‍ 24 റണ്‍സ് നേടാനെ താരത്തിന് കഴിഞ്ഞുള്ളു. പിന്നീടെ­ത്തി­യവര്‍ക്ക് വിജയലക്ഷ്യ­ത്തിലെ­ത്താ­ന്‍ കഴി­യാതിരുന്ന­തോ­ടെ ഇ­ന്ത്യ വിജയം സ്വന്തമാ­ക്കു­­ക­യാ­യി­രുന്നു. ഇ­ന്ത്യ­ക്കായി വരുണ്‍ ചക്ര­വര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

തകര്‍ച്ചയോടെയായിരുന്നു ഇ­ന്ത്യ­­­യുടെ തുടക്കം. വീണ്ടും അഭിഷേക് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ആദ്യ ഓവറില്‍ ആ­ര്യന്‍ ദത്തിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നാലെ വെടിക്കെട്ടിന് തിരികൊളുത്തവെ ഇഷാന്‍ കിഷനെയും ആര്യന്‍ ബൗള്‍ഡാക്കി. ഏഴ് പന്തില്‍ 18 റണ്‍സാണ് താരം നേടിയത്. രണ്ട് വിക്കറ്റ് പോയതോടെ തിലക് വര്‍മ്മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശ്രദ്ധയോടെ ബാറ്റുവീശി. റണ്‍സുയര്‍ത്തുന്നതില്‍ ഇ­തോടെ വേഗത കുറഞ്ഞു. ഇരുവരും ചേര്‍ന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 പന്തില്‍ 31 റണ്‍സെടുത്ത് തിലക് പുറത്തായി. പിന്നാലെ ശിവം ദുബെയാണ് ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. 28 പന്തില്‍ 34 റണ്‍സെടുത്ത സൂ­ര്യകുമാറിനെ പുറത്താക്കി കൈ­ല്‍ ക്ലെയിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് ദുബെ തകര്‍ത്തടിച്ചു. പിന്നാലെ താരം അര്‍ധസെഞ്ചുറിയും കുറിച്ചു. ദുബെയുടെ ബാറ്റിങ്ങാണ് ഇന്ത്യയെ 200നരികെയെത്തിച്ചത്. താരം 31 പന്തില്‍ ആറ് സിക്സറും നാല് ഫോറുമുള്‍പ്പെടെ 61 റണ്‍സ് നേടിയാണ് പുറത്തായത്. ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോററും. അവസാന ഓവറിന്റെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയും പുറത്തായി. 21 പന്തില്‍ 30 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. നെതര്‍ലന്‍ഡ്സിനായി ലോഗന്‍ വാന്‍ ബീക് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

Exit mobile version