കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ മനസ് നിറയ്ക്കുന്നതായിരുന്നു മത്സരത്തിന്റെ അവസാനം വിരാട് കോലിയുടെ വിജയമാഘോഷം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ടി20 ലോകകപ്പ് മത്സരത്തില്‍ ബദ്ധവൈരികളായ പാകിസ്ഥാനെതിരെ വിജയം നേടിയപ്പോള്‍ ഒരു ലക്ഷത്തോളംപേര്‍ ഉണ്ടായിരുന്ന ഗ്യാലറിയും സന്തോഷംകൊണ്ട് ഇളകി മറിഞ്ഞു. കേവലം പാകിസ്ഥാനെതിരായ ഒരു ജയം മാത്രമായിരുന്നില്ല ഇന്ത്യക്ക് ഈ മത്സരം. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പ്രതികാരം കൂടിയായിരുന്നു. ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാലുവിക്കറ്റിനാണ് തകര്‍ത്തത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തുകൾ നേരിട്ട വിരാട് കോലി 82 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും തിളങ്ങി. 37 പന്തുകളിൽനിന്ന് പാണ്ഡ്യ നേടിയത് 40 റൺസ്. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പാക് പേസർമാർ തകർത്തെറിഞ്ഞപ്പോൾ ഇന്ത്യൻ ടോപ്പ് ഓർഡറിന് മറുപടി ഉണ്ടായില്ല. 6.1 ഓവറിൽ ഇന്ത്യക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുൽ (4) നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിൽ പ്ലെയ്ഡ് ഓൺ ആയപ്പോൾ രോഹിത് ശർമ (4) ഹാരിസ് റൗഫ് എറിഞ്ഞ നാലാം ഓവറിൽ ഇഫ്തിക്കാർ അഹ്‌മദിന്റെ കൈകളിൽ അവസാനിച്ചു. നന്നായി തുടങ്ങിയ സൂര്യകുമാർ യാദവിനെയും ഹാരിസ് റൗഫ് ആണ് പുറത്താക്കിയത്. 10 പന്തുകളിൽ 15 റൺസെടുത്ത സൂര്യ മുഹമ്മദ് റിസ്വാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. അഞ്ചാം നമ്പറിലെത്തിയ അക്സർ പട്ടേൽ (2) റണ്ണൗട്ടായി. തുടർന്നാണ് കോലി– ഹാർദിക് പാണ്ഡ്യ സഖ്യം ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. ഇരുവരും നിലയുറപ്പിച്ചതോടെ സ്കോർ 16.4 ഓവറിൽ സ്കോർ 100 പിന്നിട്ടു. 43 പന്തിൽ കോലി 50 തികച്ചു.
English Summary: T20 World Cup; India won by four wickets against Pakistan
You may also like this video